ലഹരി ഉപയോഗത്തിനെതിരെ സ്‌കൂൾതല ജാഗ്രതാ സമിതികൾ കൃത്യമായി വിളിച്ചു ചേർക്കണം
ജില്ലാതല ജനകീയ സമിതി യോഗം
ജില്ലയിലെ സ്‌കൂളുകളിൽ ലഹരി ഉപയോഗത്തിനെതിരായ ജാഗ്രതാ സമിതികൾ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായി വിളിച്ചുചേർക്കാൻ വ്യാജ മദ്യത്തിന്റെ ഉൽപ്പാദനവും, വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായുള്ള ജില്ലാതല ജനകീയ സമിതി യോഗത്തിൽ ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പദ്മചന്ദ്രക്കുറുപ്പ് നിർദേശിച്ചു. സ്‌കൂളുകളുടെ സമീപത്തുള്ള കടകളിൽ പോലീസും എക്‌സൈസും നിരന്തരമായ പരിശോധനകൾ നടത്തണം. പുതുവത്സരം പ്രമാണിച്ച് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകി. പോലീസും വനം വകുപ്പുമായി ചേർന്നുള്ള സംയുക്ത പരിശോധനകൾ നടത്താൻ എക്‌സൈസ് വകുപ്പിന് നിർദേശം നൽകി. യോഗത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള എക്‌സൈസ് ഡിവിഷൻ ഓഫീസ് മാനേജർ സലിംകുമാർ ദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ, കണ്ണൂർ ടൗൺ എസ്‌ഐ ഷഹീഷ് കെ, കോസ്റ്റൽ പോലീസ് എഎസ്‌ഐ പി കെ ബിന്ദു, വി വി രമേശൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments