ക്ഷയരോഗ നിവാരണ ബോധവത്കരണവുമായി ടിബി സെന്റര്‍
ക്ഷയരോഗ നിവാരണം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ഷൈനി പരിപാടിക്ക് നേതൃത്വം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, ഡോ. കെ. വേണുഗോപാല്‍, ഡോ. ആഷ എം. എന്നിവര്‍ പങ്കെടുത്തു. ആശുപത്രിയില്‍ വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയില്‍ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി.
നഖവും മുടിയും ഒഴികെ ശരീരത്തിന്റെ ഏതവയവങ്ങളെയും ബാധിക്കുന്ന ക്ഷയരോഗം പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ശരീരം ക്ഷീണിക്കല്‍, ഭാരം കുറയുക, വിശപ്പില്ലായ്മ, രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന കുളിരോടുകൂടിയ പനി, രക്തം ചുമച്ച് തുപ്പുക, രക്തം കലര്‍ന്ന കഫം തുടങ്ങിയവ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാണ്. ക്ഷയരോഗം വായുവിലൂടെ പകരുന്നതിനാല്‍ ക്ഷയരോഗം ബാധിച്ച ഒരാള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് ക്ഷയരോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഈ വായു ശ്വസിക്കാനിടവരുന്നവര്‍ ക്ഷയരോഗാണു ബാധിതരാകുന്നു. രോഗാണുബാധിതരാകുന്നവരില്‍ ഏതെങ്കിലും കാരണത്താല്‍ രോഗപ്രതിരോധശേഷി കുറയാനിട വന്നാല്‍ ക്ഷയരോഗാണുക്കള്‍ പെരുകുകയും അവര്‍ ക്ഷയരോഗബാധിതരാകുകയും ചെയ്യും. പുകവലി, അമിതമദ്യപാനം, പ്രമേഹം, എച്ച്ഐവി, അണുബാധ, കിടപ്പുരോഗികള്‍, ദീര്‍ഘകാലം ചികിത്സ എടുക്കുന്ന രോഗികള്‍, കോവിഡ് വന്നവര്‍ എന്നിവര്‍ക്ക് പ്രതിരോധശേഷി നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.
ക്ഷയരോഗ പരിശോധനകളും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമാണ്. ക്ഷയരോഗബാധിതര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം വരുമാനപരിധിക്കനുസരിച്ച് ചികിത്സാ കാലയളവില്‍ ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ജില്ലാ ടിബി സെന്റര്‍, കൊട്ടാരം ബില്‍ഡിങ്, ജനറല്‍ ആശുപത്രി പരിസരം, ആലപ്പുഴ. ഫോണ്‍: 0477-2252861. Email- dtokeapz@rntcp.org
(പി.ആര്‍/എ.എല്‍.പി/09)
- Log in to post comments