പട്ടയത്തിലെ സർവെ നമ്പർ തിരുത്തിയ രേഖ കൈമാറി അദാലത്തിനു തുടക്കം
'പട്ടയ രേഖയിലെ പ്രശ്നങ്ങൾ തിരുത്തി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.'
സർവെ നമ്പർ തിരുത്തിയ ഭൂമിയുടെ പട്ടയ രേഖ ചേർത്തു പിടിച്ച് ഗീതു കൃഷ്ണൻ ഇതു പറയുമ്പോൾ സർക്കാർ കൈവിടില്ല എന്ന ഉറപ്പായിരുന്നു മുഖത്ത്.
പട്ടയത്തിൻ്റെ സർവെ നമ്പറിൽ വന്ന പിശകിൻ്റെ ആശങ്കയുമായാണ് ഗീതു കൃഷ്ണൻ അദാലത്തിലെത്തിയത്.
കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ അംബേദ്കർ കോളനിയിൽ സർവെ 581 / 1 AB യിൽ പെട്ട 4 സെൻ്റ് വസ്തു ഗീതുവിൻ്റ അച്ഛൻ തറവട്ടത്ത് വീട്ടിൽ കൃഷ്ണൻ കുട്ടിയുടെ പേരിൽ പതിച്ച് നൽകിയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം ഭൂമി, ഭാര്യ മേരിയുടെ പേരിലേക്ക് മാറ്റി എഴുതാൻ ശ്രമിച്ചപ്പോഴാണ് 581 / 1 AB എന്നതിനു പകരം സർവെ നമ്പർ 581 / 1 A, 581/1B എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതായി മനസിലായത്. സർവെ നമ്പർ തിരുത്തുന്നതിനായി ഏറെ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. പിന്നീട് അദാലത്തിലേക്ക് അപേക്ഷ സമർപ്പിച്ചു.
ഇത്രയും ശ്രമിച്ചിട്ടും കഴിയാത്തത് ഇനി സാധിക്കുമോ എന്ന് മേരി മകളോട് ചോദിച്ചപ്പോൾ ഗീതു ഉറപ്പിച്ച് മറുപടി പറഞ്ഞു, അമ്മ വിഷമിക്കേണ്ട സർക്കാർ നമുക്കൊപ്പമുണ്ട് എന്ന്.
ഗീതു കൃഷ്ണന് പട്ടയത്തിലെ സർവെ
നമ്പർ തിരുത്തിയ രേഖ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും ചേർന്ന് കൈമാറി.
- Log in to post comments