Skip to main content

തലശ്ശേരിയിൽ ഹെറിറ്റേജ് റൺ സീസൺ-4 ഞായറാഴ്ച

വിദേശ താരങ്ങൾ പങ്കെടുക്കും

തലശ്ശേരിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഡി.ടി.പി.സിക്ക് കീഴിലെ തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മന്റ് കൗൺസിൽ ഒരുക്കുന്ന ഹെറിറ്റേജ് റൺ സീസൺ-4 ഡിസംബർ അഞ്ച് ഞായറാഴ്ച നടക്കും. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് രാവിലെ ആറിന് ആരംഭിക്കുന്ന ഹെറിറ്റേജ് റൺ രാവിലെ 9.30ന് സമാപിക്കും. 21 കിലോമീറ്റർ മിനി മാരത്തോൺ ആയാണ് മത്സരം. വിദേശ കായിക താരങ്ങൾ ഉൾപെടെ 1500 ലധികം അത്ലറ്റുകൾ പങ്കെടുക്കും. ആദ്യം ഫിനിഷ് ചെയ്യുന്ന സ്ത്രീ, പുരുഷ മത്സരാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ, പുരുഷ മത്സരാർത്ഥികൾക്ക് 50,000 രൂപ വീതവും മൂന്നാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ, പുരുഷ മത്സരാർത്ഥികൾക്ക് 25,000 രൂപ വീതവുമാണ് സമ്മാന തുക. ഇതര വിഭാഗങ്ങളിൽ റൺ പൂർത്തീകരിക്കുന്നവർക്ക് രൂപ 5000, 3000, 2000 രൂപ വീതവും ക്യാഷ് പ്രൈസ് നൽകും. ഹെറിറ്റേജ് റൺ പൂർത്തിയാവുന്ന എല്ലാവർക്കും മെഡലുകൾ സമ്മാനിക്കും. നിശ്ചയിക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും റണ്ണേഴ്‌സ് കടന്ന് പോയിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ആർ എഫ് ഐ ഡി സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. വഴി നീളെ വളണ്ടിയർമാർ, ദിശാ ബോർഡുകൾ, കുടിവെള്ളം, മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന ആംബുലൻസ്, പ്രഥമ ശുശ്രൂഷ സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടന-സമാപന പരിപാടികളിൽ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ, മന്ത്രിമാരായ വി. അബ്ദുറഹിമാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, അത്ലറ്റ് ടിന്റു ലൂക്ക തുടങ്ങിയവർ പങ്കെടുക്കും.
 

date