Skip to main content

ലൈഫ്, സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിച്ച പദ്ധതി: എം.ബി രാജേഷ്

##25 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു; ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി##

ഭവനരഹിതരായ സാധാരണ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച, ഇന്ത്യയില്‍ തന്നെ സമാനതകളില്ലാത്ത ബൃഹത് പദ്ധതിയാണ് ലൈഫ് എന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കിളിമാനൂര്‍ പോങ്ങനാട് എസ്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച, 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,24,800 പേര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കി. 5,38,318 പേര്‍ ലൈഫ് ഭവന പദ്ധതിയില്‍ ഗുണഭോക്താക്കളാണ്. ഒരു ലക്ഷത്തി പതിനാലായിരത്തോളം വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. വീടിന്റെ  സുരക്ഷിതത്വത്തിലും സമാധാനത്തിലുമാണ് ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍. ഓരോരുത്തര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള വീടാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുന്നത്.  

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ തുക ഭവനനിര്‍മ്മാണത്തിനായി കേരളം നല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ്. രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതി നടപ്പിലാക്കാന്‍ കഴിയുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സര്‍ക്കാരുമായി കൈകോര്‍ക്കുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

കിളിമാനൂര്‍ തെന്നൂരില്‍, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കറിലാണ് വീടൊരുക്കുന്നത്. 454 ചതുരശ്രയടിയില്‍ രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, ശൗചാലയം എന്നീ സൗകര്യങ്ങളുള്ള വീടുകളാണ് നിര്‍മ്മിക്കുന്നത്. കിളിമാനൂരില്‍ 25 വീടുകളും ഒരു അമിനിറ്റി സെന്ററുമാണ് നിര്‍മ്മിക്കുന്നത്. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 എയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലൈഫ് മിഷനും കൈകോര്‍ത്തുകൊണ്ട് 100 കുടുംബങ്ങള്‍ക്കാണ് ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിയിലൂടെ അടച്ചുറപ്പുള്ള ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നത്.

ഒ.എസ് അംബിക എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ മനോജ്, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് ഷാജി, ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 എ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.എ വഹാബ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date