കാര്‍ഷിക വികസന- ഭക്ഷ്യസംസ്‌കരണ ഉച്ചകോടി ജനുവരി 17, 18 തീയതികളില്‍
സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള കേരള അഗ്രോ ബിസിനസ് കമ്പനി ലിമിറ്റഡ്, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം, അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ, ഗ്രാന്‍ഡ് തോണ്‍ടണ്‍ ഭാരത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'സുസ്ഥിര കാര്‍ഷിക വികസനം ഭക്ഷ്യ സംസ്‌കരണം - ഉന്നമന സമ്മേളനവും പ്രദര്‍ശനവും 2025 ഉച്ചകോടി ജനുവരി 17, 18 തീയതികളില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടത്തുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ബിസിനസ് സാധ്യതകള്‍ തുറക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന പരിപാടി അഗ്രി എംഎസ്എംഇ കള്‍ , അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ കര്‍ഷക ഉത്പാദക സംഘടനകള്‍ എന്നിവരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്നു
സര്‍ക്കാര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ മേഖല എന്നിവിടങ്ങളിലെ വിവിധതലത്തിലുള്ള സഹകരണം പ്രോത്സാഹിപ്പിച്ച വളര്‍ച്ച നേടുന്നതിനും, കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലകളിലെ കേരളത്തിന്റെ വളര്‍ച്ച സാധ്യതകള്‍ കേന്ദ്രീകരിച്ചു കാണിക്കുന്നതിനുള്ള ഒരു വേദിയായും ഈ പരിപാടി മാറും.
വ്യവസായ പ്രമുഖരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പാനല്‍ ചര്‍ച്ചകളും, സെമിനാറുകളും കൂടാതെ നൂതന കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ സാങ്കേതിക വിദ്യകള്‍ , ഉല്‍പ്പന്നങ്ങള്‍ , സേവനങ്ങള്‍ എന്നിവയുടെ 100 പ്രദര്‍ശന സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കും.
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, റവന്യൂ മന്ത്രി കെ രാജന്‍, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയ സെക്രട്ടറി ഡോ സുബ്രത ഗുപ്ത , കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബി .അശോക് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഉല്‍പ്പാദന നവീകരണങ്ങള്‍, വിളവെടുപ്പിന് ശേഷമുള്ള മൂല്യ ശൃംഖലകള്‍, സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനുള്ള മികച്ച രീതികള്‍ എന്നിവയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന സെക്ഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
കാര്‍ഷിക ഭക്ഷണ മേഖലകളിലെ സംരംഭകര്‍ക്കായി മികച്ച രീതിയിലുള്ള സംസ്ഥാനതല പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക, സംരംഭകര്‍ക്ക് പൊതു പദ്ധതികളിലേക്കുള്ള പ്രവേശനം സുഗമമാക്കുക , നവോധന്‍, കേര തുടങ്ങിയ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ സുസ്ഥിര വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കാന്‍ ഉച്ചകോടി ലക്ഷ്യമിടുന്നു.
എറണാകുളം പ്രസ്‌ക്ലബ്ബില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ രാജാ സേതുനാഥ് (ചെയര്‍മാന്‍, അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ), പ്രൊഫ. വി പത്മാനന്ദ് (പാര്‍ട്ണര്‍ ഗ്രാന്റ്‌തോണ്‍ടണ്‍ ഭാരത്), ഉമാ എസ് നായര്‍, (റീജിയണല്‍ ഡയറക്ടര്‍, അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ), ബിന്ദു സി പി (ജെഡിഎ, ഡയറക്ടറേറ്റ്, കൃഷിവകുപ്പ്) എന്നിവര്‍ പങ്കെടുത്തു.
വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റിനു കൊടിയിറങ്ങി
ഫോക്ലോര്‍ ഫെസ്റ്റിന്റെ ഭാഷ സ്‌നേഹത്തിന്റേത്: രാജു നാരായണ സ്വാമി
ആത്മീയതയും മനുഷ്യ സ്‌നേഹത്തിലൂടെ ജീവിതസാക്ഷാത്കാരവും നേടാനുള്ള അപൂര്‍വ്വ അവസരമാണ് വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റെന്ന് സംസ്ഥാന പാര്‍ലമെന്ററി കാര്യ സെക്രട്ടറി രാജു നാരായണ സ്വാമി. അതിന്റെ ഭാഷ സ്‌നേഹത്തിന്റെയാണ്. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും സമഭാവനയുടെയും സദ്ഭാവനയുടെയും ഭാഷയാണത്. ഉപഭോഗ സംസ്‌കാരത്തിന്റെ കുലംകുത്തിയൊഴുക്കില്‍പ്പെട്ടു മനുഷ്യത്വവും ദിശാബോധവും നഷ്ടമാകുന്ന സമൂഹത്തിലേക്കു മനുഷ്യത്വം ആവാഹിക്കുന്ന ഒരു മൃതസഞ്ജീവനിമന്ത്രം ആയി ഫോക്ലോര്‍ ഫെസ്റ്റ് മാറട്ടെ. ഒരു മാസം നീണ്ട ഫോക്ലോര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനം കുഴുപ്പിള്ളി ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയും മനുഷ്യനും കൈ ചേര്‍ത്തുപിടിച്ച് ആനന്ദ നടനമാടുന്ന ഭൂവിഭാഗമാണ് വൈപ്പിന്‍. പ്രകൃതിയും മനുഷ്യനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവ പരസ്പര പൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍ക്കുക സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയോടിണങ്ങിയ വികസന രീതിയാണ് വൈപ്പിന് ഏറ്റവും അനുയോജ്യമെന്നതില്‍ സംശയമില്ല. അത്തരത്തിലൊരു വികസന സംസ്‌കാരമാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നത്.
പരസ്പര സ്‌നേഹം, സങ്കുചിതത്വത്തിന്റെ കന്‍മതിലുകള്‍ തച്ചുടച്ചുകൊണ്ട് മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ സമൂഹത്തെ കെട്ടിപ്പെടുക്കുവാന്‍ ഫോക്ലോര്‍ ഫെസ്റ്റിനു കഴിയട്ടെയെന്നും രാജു നാരായണ സ്വാമി പറഞ്ഞു. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി.
കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിന്‍, വൈസ് പ്രസിഡന്റ് സിനി ജെയ്‌സണ്‍, രാഗം ടീച്ചര്‍, കെ ജെ ഷൈന്‍ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന് ആദരമായി ഗാനാഞ്ജലിയോടെയാണ് സമാപന ദിനത്തില്‍ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോപ്പ എന്ന മലയാളം പോയട്രി ബാന്‍ഡിന്റെ കൊട്ടും പാട്ടും പറച്ചിലും അരങ്ങേറി.
ഗോത്രവര്‍ഗ്ഗ കലാരൂപമായ ഗദ്ദികയുടെ രംഗപ്രവേശനമായിരുന്നു തുടര്‍ന്ന്. പട്ടികവര്‍ഗ്ഗങ്ങളില്‍ വളരെയേറെ പിന്നാക്കം നില്‍ക്കുന്ന അടിയ ഗോത്ര വിഭാഗത്തിന്റെ അനുഷ്ഠാന കലാരൂപമാണ് ഗദ്ദിക.
- Log in to post comments