Skip to main content

വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റിനു കൊടിയിറങ്ങി  ഫോക്ലോര്‍ ഫെസ്റ്റിന്റെ ഭാഷ സ്‌നേഹത്തിന്റേത്: രാജു നാരായണ സ്വാമി

 

 ആത്മീയതയും മനുഷ്യ സ്‌നേഹത്തിലൂടെ ജീവിതസാക്ഷാത്കാരവും നേടാനുള്ള അപൂര്‍വ്വ അവസരമാണ് വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റെന്ന് സംസ്ഥാന പാര്‍ലമെന്ററി കാര്യ സെക്രട്ടറി രാജു നാരായണ സ്വാമി. അതിന്റെ ഭാഷ സ്‌നേഹത്തിന്റെയാണ്. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും സമഭാവനയുടെയും സദ്ഭാവനയുടെയും ഭാഷയാണത്. ഉപഭോഗ സംസ്‌കാരത്തിന്റെ കുലംകുത്തിയൊഴുക്കില്‍പ്പെട്ടു മനുഷ്യത്വവും ദിശാബോധവും നഷ്ടമാകുന്ന സമൂഹത്തിലേക്കു മനുഷ്യത്വം ആവാഹിക്കുന്ന ഒരു മൃതസഞ്ജീവനിമന്ത്രം ആയി ഫോക്ലോര്‍ ഫെസ്റ്റ് മാറട്ടെ. ഒരു മാസം നീണ്ട ഫോക്ലോര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനം കുഴുപ്പിള്ളി ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

പ്രകൃതിയും മനുഷ്യനും കൈ ചേര്‍ത്തുപിടിച്ച് ആനന്ദ നടനമാടുന്ന ഭൂവിഭാഗമാണ് വൈപ്പിന്‍. പ്രകൃതിയും മനുഷ്യനും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവ പരസ്പര പൂരകങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍ക്കുക സാധ്യമല്ല. അതുകൊണ്ട് പ്രകൃതിയോടിണങ്ങിയ വികസന രീതിയാണ് വൈപ്പിന് ഏറ്റവും അനുയോജ്യമെന്നതില്‍ സംശയമില്ല. അത്തരത്തിലൊരു വികസന സംസ്‌കാരമാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നത്.

പരസ്പര സ്‌നേഹം, സങ്കുചിതത്വത്തിന്റെ കന്‍മതിലുകള്‍ തച്ചുടച്ചുകൊണ്ട് മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ സമൂഹത്തെ കെട്ടിപ്പെടുക്കുവാന്‍ ഫോക്ലോര്‍ ഫെസ്റ്റിനു കഴിയട്ടെയെന്നും രാജു നാരായണ സ്വാമി പറഞ്ഞു. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി.

കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് നിബിന്‍, വൈസ് പ്രസിഡന്റ് സിനി ജെയ്‌സണ്‍, രാഗം ടീച്ചര്‍, കെ ജെ ഷൈന്‍ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന് ആദരമായി ഗാനാഞ്ജലിയോടെയാണ് സമാപന ദിനത്തില്‍ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോപ്പ എന്ന മലയാളം പോയട്രി ബാന്‍ഡിന്റെ കൊട്ടും പാട്ടും പറച്ചിലും അരങ്ങേറി.

 

 ഗോത്രവര്‍ഗ്ഗ കലാരൂപമായ ഗദ്ദികയുടെ രംഗപ്രവേശനമായിരുന്നു തുടര്‍ന്ന്. പട്ടികവര്‍ഗ്ഗങ്ങളില്‍ വളരെയേറെ പിന്നാക്കം നില്‍ക്കുന്ന അടിയ ഗോത്ര വിഭാഗത്തിന്റെ അനുഷ്ഠാന കലാരൂപമാണ് ഗദ്ദിക.

date