Skip to main content

ആലുവ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

  സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആലുവ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു.

 അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി 70 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണു പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ആധുനിക നിലവാരത്തില്‍ രണ്ടുനിലകളിലായി 5745 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും രണ്ടു ടോയ്‌ലറ്റ് ബ്ലോക്കും മൂന്നു ലാബുകളും ഒരു സ്റ്റോര്‍ റൂമും എന്നിവ ഉള്‍പ്പെടെയാണു കെട്ടിടം ഒരുക്കിയിരിക്കുന്നത്.

 

 അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍ മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മിനി ബൈജു,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. പി. സൈമണ്‍,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലിസ ജോണ്‍സണ്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലതരാധാകൃഷ്ണന്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍ കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. കെ. ജയ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 കുടുംബശ്രീയുടെ ചെറുധാന്യ കൃഷി വിളവെടുപ്പ് 

 സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം കാമ്പയിന്റെ ഭാഗമായി പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ മരിയ സംഘകൃഷിയുടെ ആഭിമുഖ്യത്തില്‍ 30 സെന്റില്‍ ചെറുധാന്യങ്ങളായ മണിച്ചോളം, കമ്പം എന്നിവയുടെ വിളവെടുപ്പ് നടത്തി. വാര്‍ഡ് മെമ്പര്‍ ജിനു സി ചാണ്ടി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു മോഹനന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഷൈന്‍ റ്റി മണി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ രശ്മി കെ രവി, സിഡിഎസ് മെമ്പര്‍ മോളി ജോയ്, രജനി അഖില്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, മരിയ സംഘകൃഷി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന സംഘകൃഷി ഗ്രൂപ്പാണ് മരിയ

 

 വാഹന പരിശോധന കര്‍ശനമാക്കും

 

എറണാകുളം കടവന്ത്ര ജി.സി.ഡി.എ ജങ്ഷനില്‍ നിന്നും ഇന്ദിരാഗാന്ധി ആശുപത്രി മാര്‍ഗത്തില്‍ സിറ്റി ബസുകള്‍ റോഡിന് നടുവില്‍ അപകടകരമായി നിര്‍ത്തുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും മറ്റുളളവര്‍ക്കും തടസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലും കര്‍ശനമായ പരിശോധന ഉണ്ടായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ബസുകള്‍ അനുവദിച്ച സ്റ്റോപ്പില്‍ മാത്രം നിര്‍ത്തേണ്ടതാണ്. നിയമം ലംഘിക്കുന്ന വാഹനത്തിനും ഡ്രൈവറുടെ ലൈസന്‍സിന്‍മേലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

 

date