Skip to main content

അവധിക്കാല ക്യാമ്പുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണക്ലാസുകള്‍  നിര്‍ബന്ധമാക്കും

സ്കൂളുകളിലും കോളജുകളിലും അവധിക്കാലത്ത് നടത്തുന്ന എന്‍ എസ് എസ്,   എസ് പി സി ക്യാമ്പുകളില്‍ ലഹരി വിരുദ്ധ ബോധവത്കരണക്ലാസുകള്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ മുഹമ്മദ്    റഷീദ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മദ്യം, മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കളക്ട്രേറ്റില്‍ നടന്ന ജില്ലാ വ്യാജമദ്യനിയന്ത്രണ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വില്‍പ്പനക്കാരുടെ വ്യാപനം തടയാന്‍ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകളുടെ സഹായത്തോടെ അന്വേഷണം ശക്തമാക്കും.  വിവരം നല്‍കുന്ന ആളിന്‍റെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. ക്രിസ്തുമസ് പ്രമാണിച്ച് പ്രത്യേക അന്വേഷണ സംഘം ഡിസംബര്‍ അഞ്ചു മുതല്‍ ജില്ലയില്‍ പരിശോധന ശക്തമാക്കും. അവശ്യമെങ്കില്‍ പൊലീസിന്‍റെ സഹായവും ഉപയോഗപ്പെടുത്തും. അതിര്‍ത്തി കടന്നുള്ള വ്യാജച്ചാരായക്കടത്ത് തടയുന്നതിന് രാത്രികാല സ്ക്വാഡുകള്‍ പരിശോധന നടത്തും. 
    ഒരു മാസത്തിനിടയില്‍ എക്സൈസ് വകുപ്പ്  ജില്ലയില്‍ 768 റെയ്ഡുകള്‍ നടത്തിയതില്‍ 116 അബ്കാരി കേസുകളും ഒമ്പത് എന്‍ ഡി പി എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 121 പ്രതികളെ അറസ്റ്റു ചെയ്തു. 110 ഗ്രാം ഗഞ്ചാവ്, 9321 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 6.8 ലിറ്റര്‍ ബിയര്‍, 352 ലിറ്റര്‍ കോട, 197 കിലോ പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടികൂടി. വിവിധ കേസുകളിലായി 122600 രൂപ പിഴ ചുമത്തി. 
    യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പി.റ്റി.എബ്രഹാം, നാര്‍കോട്ടിക്സെല്‍ ഡി വൈ എസ് പി ആര്‍.പ്രദീപ്കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. റ്റി.അനിത കുമാരി,  സമിതി അംഗങ്ങളായ എം ബി സത്യന്‍, സോമന്‍, രാജമ്മ സദാന്ദന്‍, പി വി എബ്രഹാം വര്‍ഗീസ്, പി എസ് ശശി, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, ഭേഷജം പ്രസന്നകുമാര്‍,  ഫാ.വര്‍ഗീസ് ബ്ളാഹേത്ത്, തിരുവല്ല ഡി ഇ ഒ ഉഷാദേവി, പത്തനംതിട്ട ഡി ഇ ഒ പി എ ശാന്ത, കുടുംബശ്രീ ഡി പി എം പി.ആര്‍.അനുപമ  തുടങ്ങിയവര്‍ സംസാരിച്ചു.                                (പിഎന്‍പി 3207/17)

date