Skip to main content

വീടുകളില്‍ ആശയവിനിമയം കുറയുന്നത്്  കുട്ടികളെ അരക്ഷിതരാക്കുന്നു:വനിതാ കമ്മീഷന്‍

 

 വീടുകളില്‍ ആശയവിനിമയം ഇല്ലാതാകുന്നതു കുടുംബ ബന്ധങ്ങളെ പ്രത്യേകിച്ചും കുട്ടികളുടെ ഭാവിയെ വളരെ ദോഷകരമായി ബാധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ വ്യക്തമാക്കി. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ രക്ഷിതാക്കള്‍ക്കോ അവരുടെ വിഷയങ്ങള്‍ മനസിലാക്കാന്‍ കുട്ടികള്‍ക്കോ കഴിയുന്നില്ലെന്നു കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

 എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മൊബൈല്‍ ഫോണുകളില്‍ കുട്ടികളും മാതാപിതാക്കളും കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലം പരസ്പരം മനസുതുറന്നു സംസാരിക്കാന്‍ പോലും കഴിയുന്നില്ല. നമ്മുടെ വീടുകള്‍ പഴയപോലെ ജനാധിപത്യപരമാകേണ്ടിയിരിക്കുന്നു. വീടുകള്‍ക്കുള്ളില്‍ ആരോഗ്യകരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കുടുംബാംഗങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. ഈ പോരായ്മയുടെ തെളിവാണ് വാളയാര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സമീപകാലത്തു കുട്ടികള്‍ നേരിടേണ്ടിവന്ന വിഷയങ്ങള്‍. കുട്ടികള്‍ക്കു ചെറുപ്രായത്തില്‍തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കണം. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ചും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കുട്ടിക്കു ബോധ്യമുണ്ടാകണം. വീടിനുള്ളില്‍ കുട്ടി സുരക്ഷിതമായിരിക്കുന്ന സ്ഥിതിയാണു ഉണ്ടാവേണ്ടതെന്നു കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

 

 പുരുഷ മേധാവിത്വത്തെ പരോക്ഷമായി അംഗീകരിച്ചുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ തന്നെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രവണതയെ കമ്മീഷന്‍ വിമര്‍ശിച്ചു. ഇരയാക്കപ്പെടുന്നതു തങ്ങളുടെ ഒരു സഹജീവിയാണെന്നുള്ള പരിഗണന പോലും കല്‍പ്പിക്കാതെയാണ് അടുത്തിടെ ഒരു സിനിമാതാരത്തിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ ചില സ്ത്രീകള്‍ നടത്തിയ അഭിപ്രായങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ എന്തും മോശമായി പറയാവുന്ന സ്്ഥിതിയാണുള്ളത്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അതീജീവതയുടെ പേരുപോലും പുറത്തു പറയരുതെന്ന വ്യവസ്ഥയ്ക്കു പകരം താനാണു പരാതിക്കാരി എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ രംഗത്തുവരുക എന്നത് സ്ത്രീകള്‍ ശക്തമായ നിലപാടു സ്വീകരിച്ചുവരുന്നു എന്നതിന്റെ തെളിവുകൂടിയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ രാജ്യത്തു സുശക്തമായ നിയമങ്ങളുണ്ട്. അവ യഥാവിധി ഇതുവരെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കേരളത്തില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങളെ നേരിട്ട രീതി പ്രതീക്ഷയ്ക്കു വകനല്‍കുന്നു. കേരളം ഇക്കാര്യത്തില്‍ വളരെ ശക്തമായ നിലപാടു സ്വീകരിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് അഡ്വ സതീദേവി പറഞ്ഞു.

 

 എറണാകുളം ജില്ലയില്‍ പൊതുവെ പരാതികള്‍ കൂടുതലാണ്. തൊഴിലിടങ്ങളില്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ജില്ലയില്‍ ഇരുന്നൂറോളം പേര്‍ ജോലി ചെയ്യുന്ന ഒരു ഐടി സ്ഥാപനത്തില്‍ കടുത്ത മാനസിക സമര്‍ദം മൂലം ഒരു ജീവനക്കാരി രാജിവച്ചു. എന്നാല്‍ രണ്ടുവര്‍ഷത്തെ കരാര്‍ ഉണ്ടെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടും സ്ഥാപനം അവരെ വീണ്ടും മാനസിക സമ്മര്‍ദത്തിലാക്കുകയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഇന്റേണല്‍ സമിതികള്‍ വേണമെന്നു വ്യവസ്ഥയുണ്ട്. ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സ്ഥാപനത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റേണല്‍ കമ്മിറ്റിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അതത് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. എന്നാല്‍ പല സ്ഥാപനങ്ങളിലും ഇത് ഫലപ്രദമല്ലെന്നു കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അധ്യക്ഷ പറഞ്ഞു. കമ്മിറ്റിയില്‍ പുറമെനിന്നുള്ള ഒരു അംഗം കൂടി വേണമെന്ന വ്യവസ്ഥയും പലയിടങ്ങളിലും പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ തൊഴിലുടമയ്ക്കും ജോലി ചെയ്യുന്നവര്‍ക്കും ബോധ്യം വരുന്നതരത്തിലുള്ള പ്രചാരണം കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്.

 

 ജില്ലയില്‍ പണമിടപാടു സ്ഥാപനങ്ങളുടെ കുരുക്കില്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കമ്മീഷന്‍ അറിയിച്ചു. വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളെ ഇടത്തട്ടുകാരിലൂടെ സ്വാധീനിച്ചു വിദേശ ജോലിയും മറ്റും വാഗ്ദാനം ചെയ്ത് അവരുടെ പണം കവരുന്ന രീതിയാണുള്ളത്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതയോടെ നിലകൊള്ളണം. സ്ത്രീകള്‍ക്ക് എല്ലാ പൗരാവകാശവും ഉണ്ടെന്നു ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. 

 

 എറണാകുളം ജില്ലാ അദാലത്തില്‍ 117 പരാതികള്‍ ലഭിച്ചു. ഇതില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. 14 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു പരാതികലകമ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസഹായം തേടിയിട്ടുണ്ടെന്നും ഒരു പരാതി പുതുതായി നേരിട്ടു ലഭിച്ചുവെന്നും അവര്‍ പറഞ്ഞു. അദാലത്തിലും വാര്‍ത്താ സമ്മേളനത്തിലും കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, വി. ആര്‍ മഹിളാമണി, ഷാജി സുഗുണന്‍ ഐപിഎസ്് എന്നിവര്‍ പങ്കെടുത്തു.

date