കലാപഠനത്തിന് നൂതനപാഠ്യപദ്ധതി വേണമെന്നാവശ്യം*
കലാ പഠനത്തിനായി കൂടുതൽ നൂതനവും വിപ്ലവകരവുമായ പാഠ്യപദ്ധതി ആവിഷ്കരിക്കണമെന്ന് ആവശ്യമുയർന്നു.
കലാ പഠനത്തിൻ്റെ ഭാവിയും സാധ്യതകളും ചർച്ച ചെയ്ത ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൻ്റെ ഇന്നലെ നടന്ന പാനൽ ചർച്ചയിലായിരുന്നു ഈയാവശ്യമുയർന്നത്.
വനിതകളെയും അരികുവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാൻ കഴിയുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്കരിക്കണം. ശാസ്ത്രം, ചരിത്ര പഠനം എന്നിവക്ക് കൂടി പ്രാധാന്യം നൽകുന്ന തരത്തിൽ വേണം പുതിയ പരിഷ്കാരങ്ങൾ. ഇത് വിവേചനം ഒഴിവാക്കാനും സഹായിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ കലാ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നു.
കാലടി ശ്രീ ശങ്കരാചര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം.വി നാരായണൻ്റെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ചയിൽ വിദ്യാഭ്യാസ മേഖലയിൽ കലയെ രണ്ടാം തരമായി കാണുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും മറ്റ് കോഴ്സുകൾക്ക് സമാനമായി കലയേയും അറിവായി തന്നെ പരിഗണിക്കണമെന്ന് പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
കേരളത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി യുദ്ധ ബാധിത മേഖലയിലെ വിദ്യാർത്ഥികൾക്ക് ഇവിടെ കല പഠിക്കാനും അഭ്യസിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കണം. വിദ്യാർത്ഥികളെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രാപ്തരാക്കണമെന്നും അതുവഴി ആഗോള തലത്തിൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണമെന്നും അഭിപ്രായമുയർന്നു.
കുസാറ്റിലെ ഇലക്ട്രോണിക് വിഭാഗം സെമിനാർ ഹാളിൽ നടന്ന ചർച്ചയിൽ അഹമ്മദാബാദ് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ് ദീപൻ ശിവരാമൻ, തൃശ്ശൂർ കോളേജിലെ ആർട്ട് ഹിസ്റ്ററി വിഭാഗം പ്രൊഫസർ ഡോ. കവിത ബാലകൃഷ്ണൻ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ടി.ജി ജ്യോതിലാൽ, തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ ചിത്രകല വിഭാഗം പ്രൊഫസർ എൻ.ആർ ജിതിൻലാൽ, കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിശ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ പി.ആർ ജിജോയ് എന്നിവർ പങ്കെടുത്തു.
*
- Log in to post comments