Skip to main content

കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞത്തിന് വകുപ്പുകളുടെ ഏകോപനം അനിവാര്യം: ജില്ലാ കളക്ടര്‍

കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞത്തിനായി ആരോഗ്യ വകുപ്പ്  നടത്തുന്ന അശ്വമേധം 6.0 കാമ്പയിന്റെ നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.

ജനുവരി 30 മുതല്‍ ഫെബുവരി 12 വരെ പതിനാല്  ദിവസമാണ് അശ്വമേധം 6.0 കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുഷ്ഠരോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പ്രാഥമിക പരിശോധന, രോഗബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിന്റെ ലക്ഷ്യം.

രണ്ടു വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ 981657 വീടുകളിലും ആരോഗ്യ വകുപ്പു ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ സന്ദര്‍ശനം നടത്തും. കൂടാതെ 381 അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദര്‍ശിച്ചു പരിശോധന നടത്തും. 

തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകളില്‍ സ്പര്‍ശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കല്‍, പരിധീയ നാഡികളില്‍ തൊട്ടാല്‍ വേദന, കൈകാല്‍ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. 
സര്‍ക്കാര്‍ ആശുപത്രികളില്‍ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്.

യോഗത്തില്‍ കുഷ്ഠരോഗ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആശാദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ശിവപ്രസാദ്, അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോ. കെ ആര്‍ രാജന്‍ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

date