Skip to main content

ഭിന്നശേഷി വാരാചരണം ജില്ലയില്‍ ഡിസംബര്‍ ഒന്ന് മുതല്‍

      ലോകഭിന്നശേഷി  ദിനമായ  ഡിസംബര്‍ മൂന്ന് വിപുലമായ പരിപാടികളോടെ സര്‍വശിക്ഷാ അഭിയാന്‍ ജില്ലയില്‍ ആചരിക്കുമെന്ന് സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.വിജയമോഹന്‍ അറിയിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ ഭിന്നശേഷി വാരാചരണമായി നടത്തും. വിവിധ വിഭാഗങ്ങളിലായി 2775 ഭിന്നശേഷിക്കാരായ കുട്ടികളാണ് ജില്ലയിലെ  പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്നത്. പ്രത്യേക യോഗ്യത നേടിയ 64 റിസോഴ്സ് അധ്യാപകരെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി വിവിധ സ്കൂളുകളില്‍ എസ്.എസ്.എ ബ്ലോക്ക് റിസോഴ്സ് സെന്‍ററുകള്‍വഴി നിയമിച്ചിട്ടുണ്ട്.
     ഭിന്നശേഷിക്കാരായ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ സംഗമം, രക്ഷിതാക്കള്‍ക്കുള്ള ക്ലാസുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ ഭവനങ്ങളില്‍ സന്ദര്‍ശനം, സഹായ ഉപകരണങ്ങളുടെ വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തന പരിപാടികള്‍  വാരാചരണത്തിന്‍റെ ഭാഗമായി നടക്കും. ഡിസംബര്‍ ഒന്നിന് എല്ലാ സ്കൂളുകളിലും കുട്ടികള്‍ പ്രതിജ്ഞ എടുക്കും.  
     ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി നടത്തുന്ന ഒരു പ്രധാന പരിപാടിയാണ് 'കൂട്ടൂകൂടാന്‍ പുസ്തകച്ചങ്ങാതി'. സ്കൂളില്‍ നേരിട്ടെത്തി പഠനം നടത്താന്‍ കഴിയാത്ത കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാനുള്ള പ്രത്യേക പദ്ധതിയാണിത്. ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന ഇത്തരം കുട്ടികള്‍ക്ക് വീട്ടില്‍ ലൈബ്രറി ഒരുക്കിക്കൊടുക്കാനുള്ള ശ്രമമാണ്  ഇതിലൂടെ നടത്തുന്നത്. സഹപഠിതാക്കള്‍, അധ്യാപകര്‍, പി.ടി.എ, സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹായ സഹകരണങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ പ്രദേശത്തും ബി.പി.ഒ മാര്‍, എ.ഇ.ഒ മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കും. കുട്ടിയുടെ നിലവാരത്തിനു യോജിച്ച 100 പുസ്തകങ്ങളും അത് സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഉറപ്പുവരുത്താന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മറ്റുള്ളവര്‍ പുസ്തകം വായിച്ചുകൊടുത്ത് അവരെ സഹായിക്കും. 

        ഭിന്നശേഷി  വാരാചരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്.  എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.                               (പിഎന്‍പി 3211/17)

date