ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കാൻ പരിശീലനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും എറണാകുളം ജില്ലാതല ജൈവവൈവിധ്യ കോ ഓഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) രണ്ടാം ഭാഗം തയ്യാറാക്കൽ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ സംഘടിപ്പിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാതല ജൈവവൈവിധ്യ കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാനുമായ മനോജ് മൂത്തേടൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ജൈവവൈവിധ്യ സമ്പത്തിനെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരും തലമുറയ്ക്കു വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ബി.എം.സി കളിലെ പി.ബി. ആർ രണ്ടാം ഭാഗം പൂർത്തിയാക്കുന്നതിനും ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കും ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്ത് നൽകുമെന്നും പ്രസിഡൻറ് ഉറപ്പു നൽകി.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ആമുഖ പ്രഭാഷണം നടത്തി.
എറണാകുളം ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും ജൈവ വൈവിധ്യ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനുമായി ബി.എം സി കൾ പ്രവർത്തിക്കണമെന്നും ജില്ലയിലെ നാട്ടറിവുകളും കാടറിവുകളും കടലറിവുകളും പി.ബി. ആർ. ൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യ മാണെന്നും ചെയർമാൻ പറഞ്ഞു.
വിവിധ ജില്ലകളിലെ ബി.എം.സി കളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബി.എം.സികളുടെ പ്രാധാന്യത്തെക്കുറിച്ചും ബി.എം.സി കൾ പരിസ്ഥിതി കാവൽ സംഘമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജൈവ വൈവിധ്യ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനും ബി.എം.സികൾ വഹിക്കുന്ന പങ്കിനെ ക്കുറിച്ചും മെമ്പർ സെക്രട്ടറി ഡോ. വി. ബാലക്യഷ്ണൻ ആ മുഖ പ്രഭാഷണത്തിൽ വിശദീകരിച്ചു.
പിബിആർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ പ്രാധാന്യം, രീതിശാസ്ത്രം, വിവരശേഖരണം എന്നീ ടെക്നിക്കൽ സെഷനുകൾ കെ.എസ്.ബി.ബി. പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി. എസ്. വിമൽ കുമാർ, സീനിയർ റിസർച്ച് ഓഫീസർ ബൈജു എന്നിവർ നയിച്ചു.
പ്ലാനിങ് ഓഫീസർ ഇൻ ചാർജ് ടി. ജ്യോതിമോൾ, ജൈവവൈവിധ്യ ബോർഡ് എറണാകുളം ജില്ലാ കോ ഓഡിനേറ്റർ എൻ. കെ. ശ്രീരാജ്,
ഇടുക്കി ജില്ലാ കോർഡിനേറ്റർ വി.എസ്. അശ്വതി, 36 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, അസിസ്റ്റൻറ് സെക്രട്ടറിമാർ മറ്റ് ഉദ്യോഗസ്ഥർ ബിഎംസി കൺവീനർമാർ ബിഎംസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments