Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: അവലോകന യോഗം ചേർന്നു

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലയിൽ ഏഴു താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. അദാലത്തിൽ സ്വീകരിച്ച തീരുമാനങ്ങളുടെ തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിൽ അദാലത്തിൽ എടുത്ത പരിഹാരത്തിൻമേലുള്ള നടപടികൾ യോഗം വിലയിരുത്തി. അദാലത്ത് ദിവസം ലഭിച്ച പുതിയ അപേക്ഷകൾ പരിശോധിക്കാനും ജില്ലാ കളക്ടർ നിർദേശിച്ചു.

കണയന്നൂർ, പറവൂർ, ആലുവ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി നടന്ന ജില്ലയിലെ അദാലത്തുകളിൽ ആകെ  1767 പരാതികളാണ് പരിഗണിച്ചത്. അതിൽ  1249  അപേക്ഷകരെ മന്ത്രിമാർ നേരിൽ കണ്ട്  പരാതികൾ തീർപ്പാക്കി. അപേക്ഷകർ ഹാജരാകാത്തതിനാൽ 518 പരാതികൾ  മാറ്റി വച്ചു.  ആകെ 780  പുതിയ അപേക്ഷകൾ  ലഭിച്ചു. 

അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ട മുൻഗണനാ റേഷൻ കാർഡുകൾ, ക്ഷേമപെൻഷനുകൾ, സ്‌കോളർഷിപ്പ് കുടിശിക, അതിർത്തി തർക്കം, വഴി തർക്കം, സ്വത്ത് തർക്കം, പെർമിറ്റ് നൽകാൻ, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, റവന്യു റീസർവേ, ഭൂമി പോക്കുവരവ് ചെയ്യൽ, വയോജന സംരക്ഷണം,  പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, കൃഷി നാശത്തിനുള്ള ധനസഹായം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട  അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ റെയ്ച്ചൽ വർഗീസ്, തഹസിൽദാർമാർ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date