സായുധസേനാ പതാക ദിനം ആചരിച്ചു
സായുധസേനാ പതാകദിനാചരണവും പതാക വിതരണ ഉദ്ഘാടനവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. സൈനികര്‍ ചെയ്യുന്ന രാജ്യസേവനം വിലമതിക്കാനാവാത്തതാണെന്നും വീരചരമമടഞ്ഞ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സഹായ നിധിയിലേക്ക് തുക സമാഹരിക്കുന്നതിന് നടത്തുന്ന പതാക വില്‍പ്പന വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ കൊല്ലം ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്. കേണല്‍ കെ.കെ.ജോണ്‍(റിട്ട.) അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിങ്ങ് കമാന്‍ഡര്‍ സന്തോഷ് വി.ആര്‍, സൈനിക വക്താവ് കേണല്‍ എസ്.ഡിന്നി, എന്‍.സി.സി. ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ ഡുബാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എസ്.എസ്. തുടങ്ങിയവര്‍ സംസാരിച്ചു. വിരമിച്ച സൈനികരുടെ സംഘടനയായ കൊല്ലം മല്ലു സോള്‍ജിയേഴ്സ് അംഗങ്ങള്‍, എന്‍.സി.സി. കേഡറ്റുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3230/2024)
സായുധസേനാ പതാകകള്‍ വാങ്ങാം
വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കുള്ള സഹായ നിധി സ്വരൂപിക്കുന്നതിന് വില്‍പ്പന നടത്തുന്ന സായുധ സേനാ പതാക സ്റ്റിക്കറുകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് വാങ്ങാം. 10 രൂപയുടെ സാധാരണ സ്റ്റിക്കറുകള്‍, കാറില്‍ പതിപ്പിക്കാവുന്ന 20 രൂപയുടെയും 100 രൂപയുടെയും സ്റ്റിക്കറുകള്‍ എന്നിവയാണ് വില്‍പ്പനയ്ക്കുള്ളതെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിങ്ങ് കമാന്‍ഡര്‍ സന്തോഷ് വി.ആര്‍. പറഞ്ഞു. ഇങ്ങനെ സ്വരൂപിക്കുന്ന തുക ദേശസേവനത്തിനിടയില്‍ ജീവന്‍ ത്യജിച്ച സൈനികന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും വിമുക്തഭട•ാരുടെയും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ജില്ലയില്‍ 20,40,000 രൂപയുടെ സ്റ്റിക്കറുകളാണ് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ മുഖേന വില്‍പ്പന നടത്തും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് സ്റ്റിക്കറുകള്‍ വാങ്ങാം.
(പി.ആര്‍.കെ നമ്പര്‍ 3231/2024)
- Log in to post comments