ജലവിഭവത്തിന്റെ കൃത്യമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് സെൻസസ് ഉപകാരപ്രദമാകണം : മന്ത്രി റോഷി അഗസ്റ്റിൻ
വിപുലമായ ജലസ്രോതസ്സിനാൽ സമ്പന്നമായ സംസ്ഥാനമാണ് കേരളം, എന്നാൽ കാലക്രമത്തിൽ ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞ് വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്, ആയതിനാൽ കൃത്യതയോടെ ഉപയോഗിക്കുന്നതിനും, മലിനപ്പെടുത്താതെ കരുതലോടെ കൈകാര്യം ചെയ്യുന്നതിനും പൊതുജനങ്ങളിൽ അവബോധമുണ്ടാകണമെന്നും ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ തലത്തിൽ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുമ്പോൾ ജലസേചന വകുപ്പിൽ നിന്നും ലഭിക്കുന്ന ഡാറ്റ കൂടി ഉപയോഗപ്രദമാകേണ്ടതുണ്ട്. അത്തരത്തിൽ സമഗ്രവും ആധികാരികവുമായ ഡാറ്റ നൽകുന്നതിനും ജലവിതരണവും ലഭ്യതയും ഉറപ്പു വരുത്തുന്നതിനും സെൻസസ് ഉപകാരപ്രദമാകണം. കേന്ദ്ര ജലശക്തി മന്ത്രാലയം ജലവിഭവ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഏഴാമത് എം.ഐ സെൻസസ്, രണ്ടാമത് വാട്ടർ ബോഡി സെൻസസ് എന്നിവയുടെ സംസ്ഥാനതല പരിശീലന പരിപാടി തൈക്കാട് അതിഥി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ ശിവദാസൻ എം അധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ റിനി റാണി, എൻ. എസ്. ഒ അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ദേവ്, ഇറിഗേഷൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ബീന തങ്കം, ഇറിഗേഷൻ സുപ്രണ്ടിംഗ് എഞ്ചിനീയർ സുനിൽ രാജ്, ആർ.എം. ഐ. എസ് സെൽ ജോയിന്റ് ഡയറക്ടർ ശാലിനി പി.കെ തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.എക്സ് 368/2025
- Log in to post comments