എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം: ജില്ലാ വികസന കമ്മീഷണ൪ ഡോ. അശ്വതി ശ്രീനിവാസ്
ദേശീയ സമ്മതിദായക ദിനാഘോഷംസമ്മതിദാനാവകാശം വിനിയോഗിച്ച് എല്ലാവരും ജനാധിപത്യത്തിന്റെ ഭാഗമാകണമെന്ന് ജില്ലാ വികസന കമ്മീഷണ൪ ഡോ. അശ്വതി ശ്രീനിവാസ്. തൃക്കാക്കര ഭാരത് മാത കോളേജിൽ സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. അശ്വതി. ആദ്യമായി വോട്ട് ചെയ്ത വിദ്യാ൪ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. ജില്ലാ വികസന കമ്മീഷണ൪ വിദ്യാ൪ഥികൾക്ക് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമ്മതിദായക ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച ക്വിസ് മത്സരം, പ്രസംഗ മത്സരം, ഡിജിറ്റൽ പോസ്റ്റ൪ ഡിസൈനിംഗ് മത്സരം, സ്ലോഗ൯ മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മികച്ച ഇലകട്രറൽ ലിറ്ററസി ക്ലബ്ബിനും കോ-ഓഡിനേറ്റ൪ക്കുമുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ശ്രീകാന്ത് മുരളി വിശിഷ്ടാതിഥിയായി. ഭാരത് മാത കോളേജ് അസി. പ്രൊഫസർ ഡോ. മനേഷ് മൈക്കിൾ, അക്കാഡമിക് ഡയറക്ട൪ കെ.എം. ജോൺസൺ, തഹസിൽദാർ ബിന്ദു രാജൻ, ഇലക്ഷ൯ ഡെപ്യൂട്ടി കളക്ട൪ പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments