എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ലാബ് റിപ്പോർട്ട് ഡിജിറ്റലൈസ് ചെയ്യുന്നു
76 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26 മുതൽ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളുടെ ലാബ് പരിശോധനാ ഫലങ്ങൾ ഇഹെൽത്ത് പദ്ധതി മുഖേന ഡിജിറ്റലൈസ് ചെയ്യുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. ഇപ്രകാരം ചെയ്യുന്നത് വഴി രോഗികളുടെ പരിശോധനാ ഫലങ്ങളുടെ റിപ്പോർട്ടുകൾ ഡോക്ടർമാരുടെ സമീപത്തെ കംമ്പ്യൂട്ടറുകളിൽ കാലതാമസം കൂടാതെ ലഭ്യമാകും. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആർദ്രം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഇഹെൽത്ത് പദ്ധതി 2023 സെപ്റ്റംബറിൽ ആരംഭിച്ചുവെങ്കിലും ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷൻ മാത്രമാണ് ഇഹെൽത്തിൽ നടപ്പിലാക്കിയത്.
രണ്ടാം ഘട്ടത്തിൽ ഒ.പി കൺസൾട്ടേഷൻ, അഡ്വാൻസ് ബുക്കിംഗ്, ഓൺലൈൻ അപ്പോയ്മെന്റ്, ഒ.പി ബില്ലിംഗ് എന്നീ സംവിധാനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. കൂടാതെ ഒ.പികളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയതോടുകൂടി രോഗികൾ അധിക സമയം ക്യൂവിൽ നിൽക്കുന്നത് ലഘൂകരിക്കാൻ സാധിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ (ഡി.എച്ച്.എസ്) ഫണ്ട് ഉപയോഗിച്ചാണ് ഒ.പിയിലേക്കാവശ്യമായ ഹാർഡ് വെയർ സജ്ജീകരിച്ചത്. കെ.എം.എസി.സി.എല്ലിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഐ.പി സെക്ഷനിലെ ഹാർഡ്‌വെയ൪ തയാറാക്കി.
- Log in to post comments