ജില്ലാ വികസന സമിതി യോഗം: കോട്ടുവള്ളിയിലെ കുടിവെള്ളക്ഷാമം ഉട൯ പരിഹരിക്കാ൯ നി൪ദേശം
കോട്ടുവള്ളി പഞ്ചായത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാ൯ അടിയന്തിര നടപടി സ്വീകരിക്കാ൯ കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ വികസന സമിതി യോഗത്തിൽ നി൪ദേശം നൽകി. കോട്ടുവള്ളിയിൽ കുടിവെള്ള പൈപ്പുകൾ കാലപ്പഴക്കം മൂലം പൊട്ടിയതിനാൽ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ടെ൯ഡ൪ സ്വീകരിക്കാ൯ ആരും എത്താത്തതിനാൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം വിഫലമായി. അഞ്ച് തവണ ടെ൯ഡ൪ ചെയ്തിട്ടും ആരും കുടിവെള്ളം വിതരണം ചെയ്യാ൯ ടെ൯ഡ൪ എടുത്തില്ല. ഇതേ തുട൪ന്ന് വി.ഡി. സതീശ൯ എംഎൽഎയുടെ പ്രതിനിധിയാണ് ജില്ലാ വികസന യോഗത്തിൽ പ്രശ്നമുന്നയിച്ചത്. ജില്ലാ വികസന സമിതി കമ്മീഷണ൪ ഡോ. എസ്. അശ്വതി ശ്രീനിവാസിന്റെ അധ്യക്ഷതയിൽ ചേ൪ന്ന വികസന സമിതി യോഗം കുടിവെള്ളം വിതരണം ചെയ്യാ൯ അടിയന്തിരമായി സംവിധാനമൊരുക്കാ൯ പഞ്ചായത്ത് സെക്രട്ടറിക്ക് നി൪ദേശം നൽകുകയായിരുന്നു. കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ്, കൊടവക്കാട് പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
മാല്യങ്കര പഞ്ചായത്തിൽ പഴയ പൊതുമരാമത്ത് റോഡിൽ പാലത്തിന്റെ അടിയിൽ നിന്ന് മണൽ വാരുന്നത് സംബന്ധിച്ച് പ്രദേശവാസികൾ പരാതി ഉന്നയിക്കുന്നതായും എംഎൽഎയുടെ പ്രതിനിധി യോഗത്തിൽ അറിയിച്ചു. സ്ഥലത്ത് പരിശോധന നടത്തി റിപ്പോ൪ട്ട് സമ൪പ്പിക്കാ൯ യോഗം നി൪ദേശിച്ചു.
മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രവ൪ത്തനങ്ങൾ ഊ൪ജിതമായി പുരോഗമിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ട൪ കെ.ജെ. ജോയ്, നവകേരള മിഷ൯ കോ-ഓഡിനേറ്റ൪ എസ്. രഞ്ജിനി എന്നിവ൪ യോഗത്തിൽ അറിയിച്ചു. അജൈവ മാലിന്യങ്ങൾ ഹരിത സേനയ്ക്ക് നൽകുന്നുണ്ടെന്ന് ഓരോ ഓഫീസുകളും ഉറപ്പാക്കണം. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ബയോ ബിന്നുകൾ എല്ലാ ഓഫീസുകളിലും ലഭ്യമാക്കും.
കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ ചേ൪ന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസ൪ (ഇ൯ ചാ൪ജ്) ടി. ജ്യോതിമോൾ, ഡെപ്യൂട്ടി കളക്ട൪മാ൪, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
ദേശീയ സമ്മതിദായക ദിനാഘോഷം
എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം: ജില്ലാ വികസന കമ്മീഷണ൪ ഡോ. എസ്. അശ്വതി ശ്രീനിവാസ്
സമ്മതിദാനാവകാശം വിനിയോഗിച്ച് എല്ലാവരും ജനാധിപത്യത്തിന്റെ ഭാഗമാകണമെന്ന് ജില്ലാ വികസന കമ്മീഷണ൪ ഡോ. എസ്. അശ്വതി ശ്രീനിവാസ്. തൃക്കാക്കര ഭാരത് മാത കോളേജിൽ സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാഘോഷം ജില്ലാ വികസന കമ്മീഷണ൪ ഡോ. എസ്. അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. അശ്വതി. ആദ്യമായി വോട്ട് ചെയ്ത വിദ്യാ൪ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. ജില്ലാ വികസന കമ്മീഷണ൪ വിദ്യാ൪ഥികൾക്ക് സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സമ്മതിദായക ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച ക്വിസ് മത്സരം, പ്രസംഗ മത്സരം, ഡിജിറ്റൽ പോസ്റ്റ൪ ഡിസൈനിംഗ് മത്സരം, സ്ലോഗ൯ മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മികച്ച ഇലകട്രറൽ ലിറ്ററസി ക്ലബ്ബിനും കോ-ഓഡിനേറ്റ൪ക്കുമുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ശ്രീകാന്ത് മുരളി വിശിഷ്ടാതിഥിയായി. ഭാരത് മാത കോളേജ് അസി. പ്രൊഫസർ ഡോ. മനേഷ് മൈക്കിൾ, അക്കാഡമിക് ഡയറക്ട൪ കെ.എം. ജോൺസൺ, തഹസിൽദാർ ബിന്ദു രാജൻ, ഇലക്ഷ൯ ഡെപ്യൂട്ടി കളക്ട൪ പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
വോട്ടു ചെയ്യുമ്പോഴാണ് അഭിപ്രായങ്ങൾക്ക് മൂല്യമുണ്ടാകുന്നത്: ശ്രീകാന്ത് മുരളി
തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോഴാണ് നമ്മുടെ അഭിപ്രായങ്ങൾക്ക് മൂല്യമുണ്ടാകുന്നതെന്ന് ചലച്ചിത്രതാരം ശ്രീകാന്ത് മുരളി. തൃക്കാക്കര ഭാരത് മാത കോളേജിൽ സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സമ്മതിദായകന്റെ അവകാശം വിനിയോഗിക്കുമ്പോഴാണ് ഓരോ പൗരനും ജനാധിപത്യത്തിന്റെ ഭാഗമാകുന്നത്. നമ്മുടെ അഭിപ്രായങ്ങളിൽ ഏറ്റവും ഗൗരവമുള്ളതാണ് നമ്മുടെ വോട്ട്. വോട്ട് ചെയ്യുമ്പോൾ അഭിപ്രായങ്ങൾക്ക് ഘടനയുണ്ടാകും. അവയുടെ കൃത്യത പഠിക്കും. നമ്മുടെ പരാതികൾക്കും അഭിപ്രായങ്ങൾക്കും മൂല്യമുണ്ടാകുന്നത് നാം വോട്ട് ചെയ്ത് ജനാധിപത്യത്തിന്റെ ഭാഗമാകുമ്പോഴാണ്. സമ്മതിദാനം കൃത്യമായി വിനിയോഗിക്കുമ്പോഴാണ് യഥാ൪ഥ പൗരനാകുന്നത്. സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തിയായി മാറുന്നത്. അങ്ങനെ മാറുമ്പോഴാണ് പുതിയ ലോകം സാധ്യമാകുക.
ദൃശ്യമാധ്യമങ്ങളുടെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും ആധിക്യമുള്ള ഇക്കാലത്ത് എല്ലാവ൪ക്കും അഭിപ്രായമുണ്ട്. എല്ലാവരും ധൈര്യത്തോടെ അഭിപ്രായം പറയുന്നത് വലിയ മാറ്റമാണ്. നമ്മുടെ അഭിപ്രായങ്ങളുടെ മൂല്യം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments