Skip to main content

ദ്വിതീയ കാർഷികരംഗം ശക്തിപ്പെടുത്തണം : മന്ത്രി പി പ്രസാദ്

 

ഒക്കൽ ഫാം ഫെസ്റ്റിന് തുടക്കമായി

 കർഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ദ്വിതീയ കാർഷിക മേഖല ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

 

 എറണാകുളം ജില്ലാ പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

 

 കാർഷിക വിളകളുടെ ഉത്പാദനത്തിന് പ്രാധാന്യം നൽകുന്നതിന് ഒപ്പം തന്നെ മൂല്യ വർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തണം. ഇതിലൂടെ കാർഷിക മേഖലയിൽ സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിക്കും. കർഷകർക്ക് അന്തസായ ജീവിതം ഉറപ്പുവരുത്താനുള്ള സാഹചര്യം ഒരുക്കണം. ഉത്പന്നങ്ങൾക്ക് കൃത്യമായ വിപണിയും വിലയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

 

 ഭക്ഷണരീതിയും ജീവിതശൈലിയും ക്യാൻസർ പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്ന സാഹചര്യമാണ് ഇന്ന് സമൂഹത്തിൽ ഉള്ളത്. ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി വിഷമയമല്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങൾ നമ്മുടെ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്ന സാഹചര്യമുയർന്നു വരണം. സ്വന്തമായുള്ള ഭൂമിയിൽ ചെറിയ രീതിയിൽ എങ്കിലും കൃഷി ചെയ്യാൻ എല്ലാവരും തയ്യാറാകണം. കൃഷിയുടെ പ്രാധാന്യമുയർത്തിക്കാട്ടാനും പുതുതലമുറകളിലേക്ക് അറിവുകൾ പകരാനും ഇത്തരത്തിലുള്ള കാർഷിക ഉത്സവങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

 ശാസ്ത്രീയ അറിവുകളുടെ പ്രായോഗിക പരീക്ഷണത്തിനായി സംസ്ഥാനത്ത് കൂടുതൽ ഫാമുകൾ ആവശ്യമാണ്‌. കർഷകരുടെ കൃഷിയിടങ്ങൾ ഒഴിവാക്കി പുതിയതായി കണ്ടെത്തുന്ന വിളകളും കൃഷി രീതികളും ഇവിടെ പരീക്ഷിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

 ചടങ്ങിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്‌ കുര്യൻ ജോസഫ് മുഖ്യാതിഥിയായി. പ്രകൃതിയെയും മണ്ണിനെയും സംരക്ഷിച്ച് പരിപോഷിപ്പിച്ച് അടുത്ത തലമുറയിലേക്ക് കൈമാറേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നാട്ടിൽ നിന്ന് അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന കൃഷി രീതികൾ തിരിച്ചുകൊണ്ടുവരാൻ എല്ലാവരും സംയുക്തമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ചടങ്ങിൽ മുതിർന്ന ജൈവ കർഷകനായ വർഗീസ് മാണിക്കത്താനെ മന്ത്രിയും ജസ്റ്റിസ് കുര്യൻ ജോസഫും ചേർന്ന് ആദരിച്ചു.

 

 എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ. എൻ മിഥുൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷ സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. എസ് അനിൽകുമാർ, ശാരദ മോഹൻ, ലിസി അലക്സ്, ഷൈമി വർഗീസ്, കെ വി രവീന്ദ്രൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ, കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ തോമസ് സാമുവൽ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഷേർളി സക്കറിയാസ്, ഒക്കൽ ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫിലിപ് ജി ടി കാനാട്ട്, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

 

 നാലു ദിവസങ്ങളിലായി നടക്കുന്ന ഫാം ഫെസ്റ്റ് ജനുവരി രണ്ടുവരെ തുടരും. കാർഷിക പ്രദർശനവും വിപണനവും, സെമിനാറുകൾ, ഡോക്യുമെന്ററി പ്രദർശനം, കലാപരിപാടികൾ, മഡ് ഫുട്ബാൾ, റെയിൻബോ ഡാൻസ്, ട്രഷർഹണ്ട്, ഭക്ഷ്യമേള എന്നിവ ഫെസ്റ്റിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

date