തിരുവനന്തപുരം പഠനയാത്ര പൂർത്തിയാക്കി ''സൂപ്പർ 100'' വിദ്യാർത്ഥിനികൾ
പാലക്കാട് അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കായി നടത്തി വരുന്ന പദ്ധതിയാണ് ''സൂപ്പർ 100''. അട്ടപ്പാടിയിലെ മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്കൂളിലും, അഗളി സ്കൂളിലും പഠിക്കുന്ന 8 മുതൽ 11 ക്ലാസുകളിലെ 108 പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇവർക്കിടയിൽ നൈപുണ്യ വികസനത്തിനുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി. അസാപ് കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റബ്ഫിലാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ''സൂപ്പർ 100'' പദ്ധതി യുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ നടന്ന യാത്രയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ, ശ്രീധന്യ സുരേഷ് ഐഎഎസ്, ഇൻസ്പെക്ടർ ജനറൽ, രജിസ്ട്രേഷൻ വകുപ്പ്, ആൽഫ്രഡ് ഒ വി, സബ് കളക്ടർ എന്നിവർ കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ മുന്നിലുള്ള അവസരങ്ങൾ എന്തൊക്കെ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതായിരുന്നു ഈ സെഷനുകൾ. കേരള നിയമസഭ, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സെർവിസ്സ് സെന്റർ, പ്ലാനറ്റേറിയം, അസ്ട്രോണോമിക്കൽ ഒബ്സർവേറ്ററി, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് തുടങ്ങിയവ സന്ദർശിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി വിർച്യുൽ റിയാലിറ്റി ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന എക്ക്സ്പെർട് സെഷനും കുട്ടികൾക്ക് ലഭ്യമാക്കി.
പി.എൻ.എക്സ് 525/2025
- Log in to post comments