Skip to main content
സി. ദിവാകരന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയിലുള്ള നിയമസഭാ സമിതി മലബാര്‍ സിമന്‍റ്സ്  ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നു.

പൊതുമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ സിമന്‍റ്സ് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യും - നിയമസഭാ സമിതി

    സര്‍ക്കാര്‍ ഏജന്‍സികളും വകുപ്പുകളും നേരിട്ട് നടത്തുന്ന പൊതുമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ സിമന്‍റ്സ് ഉപയോഗിക്കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ നിയമസഭാ സമിതി യോഗം തീരുമാനിച്ചു. പൊതുമേഖലാ സഥാപനങ്ങളെ സംബന്ധിച്ചുള്ള കേരള നിയമസഭാ സമിതി വാളയാര്‍ മലബാര്‍ സിമന്‍റ്സില്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 
    സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സിമന്‍റിന്‍റെ എട്ട് ശതമാനം മാത്രമാണ് നിലവില്‍ മലബാര്‍ സിമന്‍റസില്‍ ഉത്പ്പാദിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ പ്രതാപം തിരിച്ചുപിടിക്കാന്‍ വിപണിയില്‍ ശക്തമായി ഇടപെടേണ്ടതുണ്ട്. പി.ഡബ്ള്‍യു.ഡി., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ട് നടത്തുന്ന നിര്‍മാണങ്ങള്‍ക്ക് മലബാര്‍ സിമന്‍റ്സ് നിര്‍ബന്ധമാക്കിയാല്‍ ഉത്പ്പാദനം വര്‍ധിപ്പിച്ച് ലാഭം വര്‍ധിപ്പിക്കാമെന്ന് നിയമസഭാ സമിതി അധ്യക്ഷന്‍ സി.ദിവാകരന്‍ എം.എല്‍.എ. പറഞ്ഞു. മലബാര്‍ സിമന്‍റസിന്‍റെ നാനൂറിലധികം വരുന്ന ഏജന്‍സികളില്‍ പലരും സ്വകാര്യ സിമന്‍റ് കമ്പനികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം ഏജന്‍സികളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. വലിയതോതിലുള്ള ഉത്പാദനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും നിലവില്‍ പ്ലാന്‍റില്‍ ഉണ്ട്. കാര്യക്ഷമതയുള്ള നിര്‍മാണ തൊഴിലാളികളാണ് പ്ലാന്‍റിലുള്ളത്. ഇവരുടെ ശേഷി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ മാനെജ്മെന്‍റ് ശ്രദ്ധിക്കണം. സംസ്ഥാനത്തിനുതന്നെ അഭിമാനമായ മലബാര്‍ സിമന്‍റസിനെതിരെ തെറ്റായ പ്രചാരണം നടത്തുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. മലബാര്‍ സിമന്‍റസിനെ വിപണിയിലെ മികച്ച ബ്രാന്‍ഡാക്കി മാറ്റുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ പറഞ്ഞു. 
    എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ഉണ്ണി, റ്റി.എ. അഹമ്മദ് കബീര്‍ എന്നിവരുള്‍പ്പെട്ട നിയമസഭാ സമിതി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍ക്കറിനോട് ശുപാര്‍ശചെയ്യുമെന്ന് ഉറപ്പ് നല്‍കി. സിമന്‍റ് ഉത്പ്പാദനത്തിനാവശ്യമായ ചുണ്ണാമ്പുകല്ല് ഖനനം ചെയ്യുന്ന പണ്ടാരത്തില്‍ ഖനിയും സമിതി സന്ദര്‍ശിച്ചു.    

യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

* തൊഴിലാളി-ഉദ്യോഗസ്ഥ അനുപാതം പുനഃക്രമീകരിക്കും.
* മാര്‍ക്കറ്റിങ് ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കും. 
* മുന്‍വര്‍ഷങ്ങളിലെ 38 കോടിയോളം വരുന്ന ലാഭവിഹിതം ഗ്രീന്‍ഫീല്‍ഡ് പദ്ധതിയില്‍ മറ്റ്  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 
* മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയില്‍ മലബാര്‍ സിമന്‍റസിന് വിലവര്‍ദ്ധനവുണ്ടെന്ന ആരോപണം പരിശോധിക്കും. 
* ഉദ്യോഗസ്ഥ കൃത്യവിലോപം നടത്തിയെന്ന സെന്‍ട്രല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കും. 
* പ്ലാന്‍റിന്‍റെ ആധുനികവത്ക്കരണം സര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്തും. 
* അസംസ്കൃത വസ്തുക്കള്‍ സംസ്ഥാനത്തുതന്നെ ലഭിക്കുമോയെന്ന് പരിശോധിക്കും.   
* സംസ്ഥാനത്തിന്‍റെ തെക്കും വടക്കും പുതിയ ഗ്രൈന്‍ഡിങ് യൂനിറ്റെന്ന ആവശ്യം പരിശോധിക്കും.  
* മലബാര്‍ സിമന്‍റസിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്ന് ഉറപ്പാക്കും.

date