മാലിന്യമുക്തം നവകേരളം : സംസ്ഥാനതല ശിൽപശാല സംഘടിപ്പിച്ചു
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംസ്ഥാന, ജില്ലാതല ചുമതലക്കാരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ശിൽപശാല സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാല നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. ശുചിത്വം, മാലിന്യ സംസ്‌കരണം, പരിസ്ഥിതി പുനഃസ്ഥാപനം എന്നീ വിഷയങ്ങളിൽ ശീലമാറ്റവും മനോഭാവ മാറ്റവും അനിവാര്യമാണ്. ഉപയോഗിച്ചശേഷം വസ്തുക്കൾ ഉപേക്ഷിക്കുന്ന, ഒറ്റത്തവണ മാത്രമുള്ള ഉപയോഗ മാർഗ്ഗം കമ്പോള സംസ്‌കാരത്തിന്റെ ന്യൂനതയാണ്. വലിച്ചെറിയലും കത്തിക്കലും വീടുകളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും ഒഴിവാക്കാൻ ഹരിതചട്ട പാലനം ഏറെ സഹായകരമാണെന്ന് ഡോ. ടി.എൻ. സീമ പറഞ്ഞു. റസിഡന്റ്‌സ് അസോസിയേഷൻ സംസ്ഥാനതല വർക്കിംഗ് പ്രസിഡണ്ട് അനിൽകുമാർ ശിൽപശാലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അജിത്കുമാർ പി.സി., നവകേരളം കർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി.പി. സുധാകരൻ എന്നിവർ സംസാരിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രോഗ്രാം ഓഫീസർ വി. രാജേന്ദ്രൻ നായർ അവതരണം നടത്തി.
പി.എൻ.എക്സ് 569/2025
- Log in to post comments