വാരപ്പെട്ടി ഇനി ഹരിത കവല
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വാരപ്പെട്ടി കവലയെ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. പ്രഖ്യാപനത്തിനു മുന്നോടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യാപാരി - വ്യവസായി പ്രതിനിധികളും ഹരിത കർമ്മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് കവലയിലെ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കിയിരുന്നു.
പ്രഖ്യാപനത്തോടനുബന്ധിച്ച് കവലയുടെ വിവിധ ഭാഗങ്ങളിൽ ചെടിച്ചട്ടികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. നവകേരളം വൃത്തിയുള്ള കേരളം, വൃത്തിയുള്ള വാരപ്പെട്ടി എന്നീ ലക്ഷ്യങ്ങളിലൂന്നി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും നാടാകെ ഒരുമിക്കുമ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾ പൂർണ്ണ തോതിൽ വിജയത്തിൽ എത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് ബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം സെയ്ദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേസിൽ യോഹന്നാൻ, കെ.കെ ഹുസൈൻ, പ്രിയ സന്തോഷ്, ഷജി ബെസി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ എൻ.ആർ സജീവൻ, ഇ.എം റഹിം, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ദീൻ, അസിസ്റ്റൻ്റ് സെക്രട്ടറി കെ.കെ പ്രകാശ്, മെഡിക്കൽ ഓഫീസർ ഡോ. അനില ബേബി, ഹരിത കർമ്മ സേന കോ ഓഡിനേറ്റർ ശാലിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments