SPECIAL STORY ഉൾക്കൊള്ളലിന്റെ മാതൃക; കൂടരഞ്ഞിയിൽ 71 ലക്ഷത്തിന്റെ ബഡ്സ് സ്കൂൾ തയ്യാറാകുന്നു
(പടം)
കേരള സാമൂഹ്യ സുരക്ഷ മിഷൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും പ്രാഥമിക വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സാമൂഹിക സംയോജനവത്കരണം എന്നിവ നൽകുന്നതിനായി ആവിഷ്കരിച്ച ബഡ്‌സ് പദ്ധതിയുടെ ഭാഗമായുള്ള ബഡ്‌സ് സ്കൂൾ വിപുലമായ സൗകര്യങ്ങളോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തയ്യാറാവുന്നു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ വാർഡിൽ വി എം മാത്യു വിട്ടു നൽകിയ 25 സെന്റ് സ്ഥലത്ത് 2022-23 വർഷം പദ്ധതി തയ്യാറാക്കി നടപടി ആരംഭിച്ച സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ 6,66,020 രൂപയും ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപയും ജില്ലാ കളക്ടറുടെ ഡിഎംഎഫ് ഫണ്ടിലെ 25 ലക്ഷം രൂപയുമായി 46 ലക്ഷം രൂപയിൽ അധികം ചിലവഴിച്ച 182 സ്‌ക്വയർ മീറ്റർ കെട്ടിടത്തിന്റെ ഫിനിഷിങ് വർക്കുകളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിലേക്കു ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും കൂടരഞ്ഞി പഞ്ചായത്ത് 20 ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ട്.
ജൂൺ മാസത്തോടെ ടർഫ് അടക്കമുള്ള സംവിധാനത്തോടെ പ്രവൃത്തി പൂർത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കൂടരഞ്ഞിയിലെ സാധാരണക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി മറ്റു ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകളെ ആശ്രയിക്കുന്നത് പ്രയാസമായതിനെ തുടർന്നാണ് വീടിന് സമീപത്തു തന്നെ ഇത്തരം ഒരു മാതൃകാ സ്കൂൾ നിർമ്മിക്കുന്നതെന്നു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വ്യക്തമാക്കി.
- Log in to post comments