ഹലോ മരട് നഗരസഭയിൽ നിന്നാണു വിളിക്കുന്നത്
വിവിധ പദ്ധതികളും ആവശ്യങ്ങളുമായി ബന്ധപ്പെട്ട മരട് നഗരസഭയിൽ നിന്ന് നൽകിയ സേവനങ്ങളുടെ പ്രതികരണം എടുക്കുന്ന സംവിധാനത്തിനു തുടക്കമിട്ടു.
പൊതുജനങ്ങൾക്കായുള്ള സേവനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനും എന്തെങ്കിലും അപാകതകൾ ശ്രദ്ധയിൽപ്പെട്ടാൽ ആയതു പരിഹരിക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ ജനന മരണ വിഭാഗത്തിലാണു പദ്ധതിക്കു തുടക്കമിട്ടത്. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
നിലവിലെ എല്ലാ സേവനങ്ങളും കെ സ്മാർട്ട് വഴിയാണ് നൽകുന്നത്. എന്നാൽ ഓൺലൈൻ സംവിധാനമായതിനാൽ സാങ്കേതിക തകരാറുകൾക്കും സാധ്യത കൂടുതലാണ്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താണ് നഗരസഭ സേവനങ്ങൾ വിലയിരുത്തുന്നതിനായി ഫീഡ് ബാക്ക് സംവിധാനം ഏർപ്പെടുത്തിയത്. ഇതുവഴി നഗരസഭയിൽ നിന്നും സേവനങ്ങൾ കൃത്യമായി ജനങ്ങൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുവാൻ സാധിക്കുന്നതോടൊപ്പം എല്ലാ കോളുകളും റെക്കോഡ് ചെയ്യുകയും ചെയ്യും. ഏതെങ്കിലും വിഷയത്തിന്മേൽ അപാകതയോ പരാതിയോ നിലനിൽക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. തുടർന്ന് അത്തരം അപാകതകൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.
വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, ബിനോയ് ജോസഫ്,ചന്ദ്രകലാധരൻ,ബെൻഷാദ് നടുവിലവീട്, ജയ ജോസഫ്, എ.ജെ. തോമസ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം , സൂപ്രണ്ട് ജിഷ ജോൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ ജേക്കബ്സൺ, ജെ.എച്ച്.ഐ ഹുസൈൻ എ , ഒ.വി ജയരാജ്, രമ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
- Log in to post comments