വളന്തകാട് ദ്വീപിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി മരട് നഗരസഭ
മരട് നഗരസഭയിലെ വളന്തകാട് ദ്വീപിൽ വർഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതിയുമായി മരട് നഗരസഭ. 17 ലക്ഷം രൂപ നിർമ്മാണ ചെലവിൽ പുതിയ പൈപ്പ് ലൈൻ മരടിൽ നിന്നും സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.
നിലവിൽ നെട്ടൂർ ഭാഗത്തു കൂടി വരുന്ന പൈപ്പ് ലൈനിലൂടെ ദ്വീപിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യമായ ശുദ്ധജലം ലഭിക്കാത്തതിനാലാണ് മരടിലൂടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ ദ്വീപിലെ കുടിവെള്ളക്ഷാമം പൂർണ്ണമായും മാറുമെന്ന് ചെയർമാൻ പറഞ്ഞു.
വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ശോഭ ചന്ദ്രൻ, ബേബി പോൾ, കൗൺസിലർമാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, മോളി ഡെന്നി , ടി.എം. അബ്ബാസ്, പത്മ പ്രിയ വിനോദ്, രേണുക ശിവദാസ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, എക്സിക്യുട്ടീവ് എഞ്ചിനീയർ പ്രീത, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ പ്രകാശ് എന്നിവർ സംസാരിച്ചു.
- Log in to post comments