വാണിയംകുളം ടൗണ്‍ നവീകരണം അന്തിമഘട്ടത്തില്‍
വാണിയംകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ആരംഭിച്ച വാണിയംകുളം ടൗണ്‍ നവീകരണം അന്തിമഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ 2023 -24 ബജറ്റില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ടൗണ്‍ നവീകരണം നടത്തുന്നത്.നഗരത്തിലെ ഗതാഗത കുരുക്കിനെ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി പി മമ്മിക്കുട്ടി എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എംഎല്‍എയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭ്യമായത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നവീകരണം.
ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി കയ്യേറിയ സ്ഥലങ്ങള്‍ വീണ്ടെടുത്ത് റോഡിന്റെ വീതിക്കൂട്ടല്‍ പ്രവര്‍ത്തനം നടത്തിവരികയാണ്. സമീപത്തുള്ള മരങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മരങ്ങള്‍ക്കു ചുറ്റും തറ കെട്ടുന്നുണ്ട്. കാല്‍ നട യാത്രക്കാരുടെ സുഗമമായ യാത്രയ്ക്ക് നടപ്പാത നവീകരണവും നടത്തുന്നുണ്ട്. മഴക്കാലത്തുണ്ടാകാവുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കല്‍വര്‍ട്ടുകള്‍ വീതി കൂട്ടി,പുതിയ ഡ്രൈനേജുകളും നിര്‍മ്മിച്ചു. ടൗണിന്റെ മുഖച്ഛായ മാറ്റുന്ന നവീകരണ പ്രവര്‍ത്തികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരന്‍ പറഞ്ഞു.
- Log in to post comments