Skip to main content

കലോത്സവ വേദിയിൽ തിളങ്ങി ഭിന്നശേഷി കുട്ടികൾ

വഴക്കുളം ബ്ലോക്ക് തിളക്കം 2025 

 

വൈകല്യങ്ങളെ വൈഭവമാക്കി മാറ്റുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കുട്ടികൾ. ആറ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നും 160 ഓളം കുട്ടികളാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം തിളക്കം 2025 ൽ പങ്കെടുത്തത്. മാറമ്പിള്ളി റോയൽ കൺവെൻഷൻ സെന്റെറിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ മാറ്റി നിർത്തപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാർ, മറിച്ച് ചേർത്തുനിർത്തേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സ്വയം പര്യാപ്തതയിലേക്ക് അവരെ എത്തിക്കാനുള്ള ശ്രമങ്ങൾ ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും നടത്തിവരുകയാണ്. ഭിന്നശേഷിക്കാരായ ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് സമൂഹത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു പിടിക്കാനുള്ള വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

ഉദ്ഘാടന സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്തു. അറബി ഗാനാലാപനം , പ്രവൃത്തി പരിചയം എന്നീ ഇനങ്ങളിൽ സബ് ജില്ലാ തലത്തിൽ 2 -ാം സമ്മാനം നേടിയ മുഹമ്മദ് ഇഹ്സാൻ, ചിത്രരചനക്ക് ജില്ലാ തലത്തിൽ രണ്ടാം സമ്മാനം നേടിയ യാസിൻ മാലിക്ക് എം.കെ, പ്രവാസി ഭാരതി കർമ ശ്രേയ്സ് പുരസ്കാരം സ്വന്തമാക്കിയ റിദ മോൾ, രാഷ്ട്രപതിയുടെ മുന്നിൽ കലാപ്രകടനം നടത്തിയ എൽദോ കുര്യാക്കോസ്, 2024 ലെ എസ്.എസ് .എൽ .സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഏഞ്ചൽ മരിയ എന്നിവരെയാണ് ആദരിച്ചത്.

 

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു തിളക്കം 2025 ൻ്റെ വേദി. കുട്ടികളുടെ മികവുറ്റ പരിപാടികൾക്ക് പുറമെ മുഖ്യാഥിതി സിനിമാ താരം രാജാസാഹിബ് അനുകരണ കലയിലെ തന്മയത്വം അവതരിപ്പിച്ചു.

 

ക്രിയേറ്റിവ് ഡയറക്ടർ സുഫൈൽ ആയിരുന്നു മറ്റൊരു മുഖ്യാതിഥി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അൻവർ അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജി ഹക്കീം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഗോപാൽ ഡിയോ, രാജി സന്തോഷ്, സി.കെ ലിജി, മിനി രതീഷ്, സതി രതീഷ്, പി.പി എൽദോസ്, വികസനകാര്യ ചെയർമാൻ അസീസ് മൂലയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, ബ്ലോക്ക് , ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date