കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം ; ദേശീയ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കും
കോതമംഗലം കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം നേരിടാൻ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കുളങ്ങാട്ടുകുഴി പ്രദേശത്തിന് സമീപത്തായി കണ്ട കടുവയെ കൂട് വെച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എൽ.എയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട് റെയ്ഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കോട്ടപ്പടി കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തിനുള്ളില്‍ ഒരു പശു ചത്തു കിടക്കുന്നതായി ഫെബ്രുവരി 7 ന് വിവരം ലഭിച്ചിരുന്നു. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ കുളങ്ങാട്ടുകുഴി ഭാഗത്ത് താമസിക്കുന്ന കുഴിവാലക്കാലയില്‍ കെ.എസ് ചാക്കോയുടെ മൂന്നു പശുക്കളില്‍ ഒരെണ്ണത്തിനെ കടുവ പിടിച്ച് ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.
തുടര്‍ന്ന് വനത്തിനുള്ളില്‍ ക്യാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചു നിരീക്ഷിച്ചതില്‍ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടിട്ടുള്ളതാണ്. നിലവില്‍ വനത്തിന് പുറത്ത് ജനവാസ മേഖലയില്‍ കടുവയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ഈ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലയില്‍ ദ്രുത കർമ സേന ഉള്‍പ്പെടെയുള്ള ദൗത്യസംഘത്തിന്റെ പട്രോളിംഗും നിരന്തരമായ നിരീക്ഷണവും ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നിരീക്ഷണത്തിന്റെ ഭാഗമായി വനത്തിനകത്ത് ആറും അതിര്‍ത്തിയില്‍ രണ്ടും ക്യാമറാ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. തെര്‍മല്‍ സെന്‍സിറ്റിവിറ്റിയുള്ള ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി വരുന്നു. കൂടാതെ പ്രദേശത്ത് 5 കീ.മീ. ദൂരത്തില്‍ ഹാങ്ങിങ് സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റുമാരെ വിവരം അറിയിക്കുകയും ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
കോടനാട് റെയിഞ്ചിന്റെ വനമേഖലയും നാട്ടിന്‍ പ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വന്യജീവികളെ ദൂരെ നിന്നു തന്നെ അറിയുന്നതിനും വനൃജീവികളുടെ ഒളിസ്ഥലങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി വിസ്ത ക്ലിയറന്‍സ് നടത്തുന്നത് പുരോഗമിച്ചുവരുന്നു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് രൂപീകരിച്ച കമ്മിറ്റി സ്ഥലപരിശോധന നടത്തിയിട്ടുണ്ട്. കൂടു വയ്ക്കുന്ന തുള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സ്വീകരിക്കുന്നതാണെന്നും സബ്‌മിഷന് മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു.
- Log in to post comments