ഉന്നത വിദ്യാഭ്യാസ റാങ്കിങ് പുരസ്കാരങ്ങൾ ഇന്ന് (15) സമ്മാനിക്കും
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ 2024 ലെ പുരസ്കാരങ്ങൾ ഇന്ന് (ഫെബ്രു 15 ) കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു വിതരണം ചെയ്യും. എറണാകുളം സെന്റ്. തെരേസാസ് കോളജിൽ രാവിലെ 10 മുതലാണ് പുരസ്കാരവിതരണം.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. നാക് മുൻ ഡയറക്ടറും ബംഗ്ലൂരു ഹ്യൂമൻ ജനറ്റിക്സ് പ്രൊഫസറുമായ ഗംഗനാഥ് എച്ച് അന്നേഗൗഡ,ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഉന്നത വിദ്യാഭ്യാസ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പാൾ ഡോ. അൽഫോൻസ വിജയ ജോസഫ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ടിഞ്ചു പി ജയിംസ് എന്നിവർ സംസാരിക്കും.
റാങ്കിംഗ് സമ്പ്രദായം ലക്ഷ്യമിടുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ്. ഇത്തരമൊരു സംസ്ഥാനതല റാങ്കിംഗ് സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.
സർവകലാശാലകളിൽ കുസാറ്റ്, കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. കോളജ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവെഴ്സ്റ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സെന്റ് തെരേസാസ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. എഞ്ചിനിയറിങ് കോളജ് വിഭാഗത്തിൽ തിരുവനന്തപുരം സി.ഇ.ടി., തൃശൂർ എഞ്ചിനിയറിങ് കോളജ്, കൊല്ലം ടി കെ എം എഞ്ചിനിയറിങ് കോളജ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
നഴ്സിംഗ് കോളജ് വിഭാഗത്തിൽ തിരുവനന്തപുരം നഴ്സിങ് കോളജ് ഒന്നാമതെത്തി.
എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ്, ടീച്ചർ എഡ്യൂക്കേഷൻ, വെറ്റിനറി, നഴ്സിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ റാങ്കിംഗുകൾ ഉണ്ട്.
സർക്കാർ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി കോളേജ് എന്നിവ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.
12 വിഭാഗങ്ങളിലായി 449 സ്ഥാപനങ്ങളെയാണ് റാങ്കിങിന് പരിഗണിച്ചത്. ഇതിൽ സർക്കാർ മേഖലയിൽ നിന്ന് കോളജുകളിൽ 12 ഉം എഞ്ചിനിയറിങ് കോളജുകളിൽ ആറും നഴ്സിങ്, ടീച്ചർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നു വീതവും കാർഷിക അനുബന്ധ മേഖലയിൽ നിന്ന് അഞ്ചും സ്ഥാപനങ്ങൾ റാങ്കു നേടി.
- Log in to post comments