Skip to main content
0

കലയും സാഹിത്യവും കൊണ്ട് പ്രതിരോധം തീര്‍ക്കാനാകണം: മന്ത്രി ആര്‍. ബിന്ദു

ആര്‍ട്‌സ് ലിറ്ററേച്ചര്‍ ഫെസ്റ്റിന് പ്രൗഡഗംഭീര തുടക്കം; അഞ്ച് വേദികളിലായി നൂറിലധികം സെഷനുകള്‍

നാട്ടില്‍ സൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ സാഹിത്യോത്സവങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കലുഷിതമായ സാമൂഹിക അന്തരീക്ഷത്തില്‍ കല കൊണ്ടും സാഹിത്യം കൊണ്ടും പ്രതിരോധം തീര്‍ക്കാനാകണമെന്നും മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 'അതിജീവനത്തിന്റെ നിഴലുകള്‍; വാക്കുകള്‍ മുറിവുകളെ അഭിമുഖീകരിക്കുമ്പോള്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ആര്‍ട്‌സ് കോളേജ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. 

സമീപ ദിവസങ്ങളില്‍ റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലല്ല സംഭവം ഉണ്ടായതെന്നതുകൊണ്ട് നേരിട്ട് ഇടപെടുന്നതിന് പരിമിതികളുണ്ട്. കരുണയും ആര്‍ദ്രതയും കൈമുതലാക്കി, സമൂഹത്തിന് മാതൃകകളാകേണ്ട വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടായതെന്നുള്ളത് സങ്കടകരമാണ്. ഹൃദയബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിന് കലാലയങ്ങള്‍ക്കാകണം. ഒരുമിച്ചു നിലക്കൊള്ളാനും പ്രവര്‍ത്തിക്കാനും സാധിക്കുന്ന വേദികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗക്കാരെയും ചേര്‍ത്തുപിടിക്കുന്ന ഉള്‍ക്കൊള്ളലിന്റെ മാതൃകകള്‍ തീര്‍ക്കാന്‍ കലാലയങ്ങള്‍ക്കാകണം. സഹജാവ ബോധവും സഹജീവി പരിഗണനയും വിദ്യാര്‍ഥികള്‍ കൈമുതലാക്കണം. അതിന് പ്രോത്സാഹനം നല്‍കുന്നതാവണം കലോത്സവങ്ങളും സാഹിത്യവേദികളും. സമീപകാലത്തെ സാഹിത്യവേദികളില്‍ യുവതലമുറയുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണം. മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ കടന്ന് മനുഷ്യരായി ഒന്നിച്ചിരിക്കാന്‍ സാധിക്കണം. എല്ലാ പൗരര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ രാജ്യം. ഇരുണ്ട കാലത്തും പാട്ട് ഉണ്ടാവുമോ എന്നതിന് ഇരുണ്ട കാലത്തിന്റെ പാട്ടുകാരാവുക എന്നതാണ് മറുപടി. നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തി പിടിക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ്, പത്മശ്രീ അരൂപ് കുമാര്‍ ദത്ത, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജെ സുനില്‍ ജോണ്‍, ഫെസ്റ്റ് ഡയറക്ടര്‍ കെ പി രാമനുണ്ണി, സിന്‍ഡിക്കേറ്റ് അംഗം പി മധു, യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഹഫീഫ, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി പ്രിയ, പിടിഎ വൈസ് പ്രസിഡന്റ് കെ പി അജയന്‍, പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹരിദാസന്‍ പാലയില്‍, കൗണ്‍സില്‍ സെക്രട്ടറി സജിത കിഴിനിപ്പുറത്ത്, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. പി ഷൈനി, നാക് കോര്‍ഡിനേറ്റര്‍ ഡോ. എം ഗിരീഷ് ബാബു, അവിരാമം പ്രസിഡന്റ് പ്രൊഫ. പി എം സുഷമ, ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. മോന്‍സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. 

വിവിധ വിഷയങ്ങളിലായി നൂറിലധികം സെഷനുകളും വിവിധ കലാ സാംസ്‌കാരിക അവതരണങ്ങളും മൂന്ന് ദിവസത്തെ ഫെസ്റ്റില്‍ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എം ടി വാസുദേവന്‍ നായര്‍ ഫോട്ടോ പ്രദര്‍ശനം, ചലച്ചിത്ര പ്രദര്‍ശനം, പുസ്തകച്ചന്ത എന്നിവയും നടക്കുന്നുണ്ട്. നെയ്തല്‍, കുറിഞ്ചി, മുല്ലൈ, മരുതം, പാലൈ എന്നിങ്ങനെ അഞ്ച് വേദികളിലാണ് പരിപാടികള്‍ നടക്കുക. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

date