കടമക്കുടി വയൽത്തറ റോഡിൻ്റെ നിർമ്മാണം ആരംഭിച്ചു
കടമക്കുടി ഏഴാം വാർഡിലെ വയൽത്തറ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 82.20 ലക്ഷം രൂപ ചെലവിൽ റോഡ് നിർമ്മിക്കുന്നതിൻ്റെ ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. പ്രാദേശിക വികസന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ കടമക്കുടിയിൽ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കടമക്കുടി - ചാത്തനാട് പാലവും അപ്രോച്ച് റോഡും നിർമ്മാണത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരിൽ പുനരധിവാസ ഭൂമിക്ക് അർഹരായ ഒൻപത് ഗുണഭോക്താക്കൾക്ക് മൂന്നു സെൻ്റ് ഭൂമി അനുവദിക്കാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചത് ഇതിനു തെളിവാണ്. തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതിയായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയാണ് പാലത്തിൻ്റെ നിർമ്മാണം നടക്കുന്നത്.
313 മീറ്റർ നീളത്തിലും 3.60 മീറ്റർ വീതിയിലും നിർമ്മിക്കുന്ന റോഡിനു ഇരുവശത്തും 192 മീറ്റർ നീളത്തിൽ കരിങ്കല്ല് ഭിത്തിയുമുണ്ടാകും. 315 മീറ്റർ നീളത്തിൽ കവർസ്ലാബോടു കൂടി പുതിയ കാന, ബോക്സ് കൾവർട്ട്, 85 മീറ്റർ നീളത്തിൽ കെർബ് വാളും ഇതോടൊപ്പം നിർമ്മിക്കും.
ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ്, വൈസ് പ്രസിഡൻ്റ് കെ പി വിപിൻരാജ്, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സജിനി ജ്യോതിഷ്, പൊതു പ്രവർത്തകർ എന്നിവർ സംസാരിച്ചു.
- Log in to post comments