ബേഠി ബച്ചാവോ ബേഠി പഠാവോ : വിദ്യാലയങ്ങളില്‍ പ്ലാന്റേഷന്‍ ഡ്രൈവിന് തുടക്കമായി
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്ലാന്റേഷന്‍ ഡ്രൈവിന് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. സ്‌കൂള്‍ മുറ്റത്ത് ഫലവൃക്ഷത്തൈ നട്ട് ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ ദിവസേന ഒരു പത്രമെങ്കിലും വായിക്കുകയും പാഠപുസ്തകങ്ങള്‍ കൂടാതെ മറ്റു പുസ്തകങ്ങള്‍ വായിക്കാനും സമയം കണ്ടെത്തണമെന്നും ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നതോടൊപ്പം ജങ്ക് ഫുഡ് പോലുള്ള കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണം ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പദ്ധതിയുടെ പത്താം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച് ജനുവരി 22 മുതല്‍ മാര്‍ച്ച് എട്ട് വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയ ക്യാംപയിന്‍, ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്, കരിയര്‍ ഗൈഡന്‍സ്, നൈപുണ്യ വികസന ക്ലാസ്, സ്ത്രീകളെയും കുട്ടികളെയും കേന്ദ്രീകരിക്കുന്ന നിയമങ്ങള്‍ സംബന്ധിച്ച ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികളാണ് നടന്നുവരുന്നത്. പ്ലാന്റേഷന്‍ ഡ്രൈവ് വിപുലമായി നടത്തുന്നതിന് ഇരുന്നുറോളം ഫല വൃക്ഷ തൈകളും തയ്യാറാക്കിയിട്ടുണ്ട്്. ആദ്യ ദിനത്തില്‍ മലമ്പുഴ ഗവ.ഐ.ടി.ഐ, മലമ്പുഴ, മാത്തൂര്‍ എന്നിവിടങ്ങളിലെ എം. ആര്‍.എസ് സ്‌കൂളുകള്‍, മലമ്പുഴ ചില്‍ഡ്രന്‍സ് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ തൈകള്‍ നട്ടു.
വനിതാ ശിശു വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് പി.രതി, വിമണ്‍ എംപവര്‍മെന്റ് ഹബ്ബ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ലിയോ ബെര്‍ണാര്‍ഡ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്‌പെഷ്യലിസ്റ്റ് സി. അഭിനവ്, ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് കെ.എം. സുനിത, അക്കൗണ്ടന്റ് ഫിറോസ് ബാബു, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ യു.കെ. ലത, ഹെഡ്മിസ്ട്രസ്മാരായ എം. ഇന്ദു, പി.പി പ്രീത, പി.ടി.എ പ്രസിഡന്റ് എം.അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments