Skip to main content

സമഗ്ര വികസനം ലക്ഷ്യം - ജില്ലാ പഞ്ചായത്തിന് 120 കോടി രൂപയുടെ വാർഷിക പദ്ധതി

തൃശൂർ ജില്ലയുടെ സമഗ്ര വികസനത്തിനായി 120 കോടി രൂപയുടെ വാർഷിക പദ്ധതികളാണ് ഒരുങ്ങുന്നത്.   ജില്ലയെ കാർഷിക, കായിക മേഖലകളിൽ  കുതിക്കാനും അതി ദാരിദ്ര്യത്തെ തുടച്ചു നീക്കാനും ഭിന്നശേഷി - വയോജന സൗഹൃദമാക്കുന്നതിനും  ഉതകുന്ന തരത്തിലുള്ള വിവിധ പദ്ധതികളാണ്  ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ പി. ബാലചന്ദ്രൻ എം എൽ എ   ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പദ്ധതി രേഖ പ്രകാശനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുളാരുണൻ വാർഷിക പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നവകേരളത്തിന് ജനകീയ ആസൂത്രണം എന്ന സർക്കാരിന്റെ ലക്ഷ്യം മുൻനിർത്തി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ ഭരണസമിതി തുടങ്ങി വെച്ച എല്ലാ പദ്ധതികളും പൂർത്തീകരിക്കലാണ്  പ്രഥമ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ രണ്ട് വിദ്യാലയങ്ങൾക്കായി ഒരു കായിക അധ്യാപകൻ എന്ന രീതിയിൽ കായിക അധ്യാപകരെ താത്കാലികമായി നിയമിക്കുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ ഉയർച്ചയിലേക്ക് കൊണ്ടുവരുന്നതിനായി അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ, കുടിവെള്ള-ശുചിത്വ പദ്ധതികൾ, കൃഷി, മൃഗ സംരക്ഷണം,  മത്സ്യബന്ധനം ക്ഷീരവികസന മേഖലകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ഉള്ള പദ്ധതികൾ തുടങ്ങിയ വിവിധ പദ്ധതികൾ ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്നു. ഭിന്നശേഷി സൗഹൃദം  ഉറപ്പുവരുത്തുന്നതിനായി ശുഭാപ്തി പദ്ധതിയും വയോജനക്ഷേമം ഉറപ്പ് വരുത്തുന്നതിനായി സുശാന്തം പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ജില്ലയിൽ സാമ്പത്തിക വളർച്ചയും തൊഴിലവസരവും സൃഷ്ടിക്കുന്നതിന്  പ്രാധാന്യം നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അറിയിച്ചു.

ദുരന്തനിവാരണ,  വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് പ്രാധാന്യം നൽകുന്നു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള പദ്ധതികൾ, പാലിയേറ്റീവ് പരിചരണ പദ്ധതികൾ, പട്ടികജാതി - പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ, ലൈഫ് പദ്ധതി തുടങ്ങി    
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ആസ്തികളുടെ സംരക്ഷണം, ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിവയും 2025-  26 വാർഷിക പദ്ധതിയിൽ മുൻഗണന നൽകുന്ന മേഖലകളാണ്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ലതാ ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ എസ്. നായർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്,  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ,

ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ പി അനുരാധ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

date