Skip to main content

ഉപ്പള ജി.എച്ച്.എസ് സ്‌കൂളില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു

വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി   നിക്ഷേപിക്കുന്നത് നാടിൻറെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ത്യയില്‍ കേരളം സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും ദീപസ്തംഭമാണെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഉപ്പള ജി.എച്ച്.എസ് സ്‌കൂളില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍വത്രിക വിദ്യാഭ്യാസത്തോടുള്ള നമ്മുടെ പ്രതിബദ്ധത രാജ്യത്തിന് മാതൃകയാണ്. ഓരോ കുട്ടിക്കും അവരുടെ പൂര്‍ണ്ണ ശേഷി കൈവരിക്കാന്‍ പ്രാപ്തമാക്കുന്ന ആധുനികവും, സുസ്ഥിരവും, തുല്യവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ സുപ്രധാന നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലാസ് മുറികള്‍ നവീകരിക്കുക, ശുചിത്വ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് നമ്മള്‍ ഹൈ-ടെക് സ്‌കൂള്‍ പദ്ധതികളും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ആരംഭിച്ചു.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അതിവേഗ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിക്കും. ഇത് നഗര, ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ തമ്മിലുള്ള വിടവ് നികത്തുകയും ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ, ഏറ്റവും പുതിയ വിദ്യാഭ്യാസ വിഭവങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് റാമ്പുകളും സൗകര്യങ്ങളും ഒരുക്കുന്നതിനും, ഓരോ സ്‌കൂളിലും മതിയായ വെളിച്ചം,വായുസഞ്ചാരം എന്നിവ ഹരിത എന്നിവ ഉറപ്പാക്കുന്നതിനും  പ്രതിജ്ഞാബദ്ധരാണ്. മികച്ച വ്യക്തികളെ വളര്‍ത്തിയെടുക്കുന്നതിന് എല്ലാ സ്‌കൂളുകളിലും കളിക്കളങ്ങള്‍, സാംസ്‌കാരിക ഓഡിറ്റോറിയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടങ്ങള്‍ എന്നിവ വികസിപ്പിക്കുകയും സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും, ടീം വര്‍ക്ക് വളര്‍ത്തിയെടുക്കാനും, ആരോഗ്യകരമായ വളര്‍ത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സ്‌കൂളുകളില്‍ നിക്ഷേപിക്കുന്നത് കേരളത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ വിശിഷ്ട സാന്നിധ്യമായി. എല്‍.ഐ.ഡി ആന്റ് ഇ.ഡി  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ഷൈനി പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.മായ സ്‌കൂള്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍ സരിത, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഹനീഫ്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇഖ്ബാല്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി മധുസൂദനന്‍,  ആര്‍.ഡി.ഡി.എച്ച് എസ്.ഇ ആര്‍.രാജേഷ് കുമാര്‍, കാസര്‍കോട് ഡി.ഇ.ഒ വി. ദിനേശ, മഞ്ചേശ്വരം എ.ഇ.ഒ രാജഗോപാല്‍, മഞ്ചേശ്വരം ബി.പി.സി ജി.ജോയ് വിവിധ സംഘടനാ പ്രതിനിധികളായ അസീസ് മെരികെ, സിദ്ദീഖ് കൈക്കമ്പ, പി.ടി എ പ്രസിഡന്റ് അഷ്‌റഫ്, വൈസ് പ്രസിഡന്റ് ഇസ്മയില്‍, എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദ് ഉപ്പള ഗേറ്റ്, മുന്‍ പ്രഥമാധ്യാപിക ശശികല ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി എന്‍.രവീന്ദ്ര, മദര്‍ പി.ടി.എ പ്രസിഡന്റ് ഹസീന, സ്‌കൂള്‍ ലീഡര്‍ ഖദീജത്ത് ഷഹല എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ മംഗല്‍ പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍ സ്വാഗതവും ഹെഡ്മിസ്‌ട്രെസ് കെ.വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

date