തദ്ദേശസ്ഥാപനങ്ങൾ ഭരണനിർവഹണത്തിന്റെ ശക്തി സ്രോതസ്സുകൾ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
ജില്ലാ പഞ്ചായത്ത് വികസന സെമിനാർ
ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി വികസന സെമിനാർ രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ബഹുമുഖ പരിപാടികൾ നടപ്പിലാക്കുന്ന, ഭരണനിർവഹണത്തിന്റെ ശക്തിസ്രോതസ്സുകളാണ് തദ്ദേശസ്ഥാപനങ്ങളെന്ന് മന്ത്രി പറഞ്ഞു. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പദവി കൈവരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണ്. വികസനപ്രവർത്തനങ്ങളിൽ സർക്കാർ കക്ഷിരാഷ്ട്രീയ,ജാതി, മത, സാമ്പത്തിക ഭേദങ്ങൾ കണക്കിലെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. മുൻ പ്രസിഡന്റുമാരായ കെ.വി.സുമേഷ് എം.എൽ.എ പി.കെ. ശ്രീമതി, ഇ.വി.രാധ, കെ.കെ. നാരായണൻ, കാരായി രാജൻ എന്നിവർ വിശിഷ്ടാതിഥികളായി. 2025-26 വാർഷിക പദ്ധതി കരട് രേഖ മന്ത്രിയും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരും ചേർന്ന് പ്രകാശനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ യു പി ശോഭ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, എൻ.വി ശ്രീജിനി, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എം കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ പ്ലാനിങ് ഓഫീസർ നെനോജ് മേപ്പടിയാൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ എന്നിവർ പങ്കെടുത്തു.
വികസന ലക്ഷ്യങ്ങൾ
2025 തദ്ദേശ സ്ഥാപനങ്ങളെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് വർഷമായതിനാൽ ബഹുവർഷ പ്രൊജക്ട്ുകൾ ഏറ്റെടുക്കാൻ പരിമിതി ഉണ്ടെന്ന് വികസനരേഖ ചൂണ്ടിക്കാട്ടി. മാത്രല്ല, നവംബർ മാസത്തോടെ പൂർത്തിയാക്കാൻ കഴിയുന്ന പ്രൊജക്ടുകൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.
2025-26 വാർഷിക പദ്ധതിയുടെ കരട് രേഖയിൽ 109.86 കോടി രൂപയുടെ വിഭവ സ്രോതസ്സുകളാണ് ജില്ലാ പഞ്ചായത്ത് കണക്കാക്കുന്നത്. സംസ്ഥാന ബജറ്റ് വിഹിതം, ജില്ലാ പഞ്ചായത്തിന്റെ സ്വന്തം വരുമാനം, എംഎൽഎ പ്രാദേശിക വികസന ഫണ്ട് വിഹിതം, പ്രതീക്ഷിക്കപ്പെടുന്ന സിഎസ്ആർ ഫണ്ട് എന്നിവ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ വിഭവ സ്രോതസ്സുകൾ.
ഉത്പാദന മേഖലയിൽ തരിശുഭൂമികൾ പരമാവധി കൃഷിയോഗ്യമാക്കുക, പാടങ്ങൾ, പറമ്പുകൾ എന്നിവിടങ്ങൡലെല്ലാം സാധ്യമായ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുക, ജില്ലയിലെ കൃഷി, മൃഗസംരക്ഷഫാമുകളുടെ പ്രവർത്തനം ആധുനികവത്കരിക്കുക തുടങ്ങിയ നിർദേശങ്ങൾ പരിഗണിച്ചു. തെരുവുനായ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ നിലവുള്ള എ.ബി.സി. സെന്ററിൽ യൂനിറ്റുകളുടെ എണ്ണം രണ്ടായി വർധിപ്പിക്കുക, ബ്ലോക്കു തലത്തിൽ എ.ബി.സി. സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ശക്തമായ പിന്തുണ നൽകുക, ജോണീസ് ഡിസീസിൽ നിന്നും മോചിതമായ കൊമ്മേരി ആട് ഫാമിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക, പാലുത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ടായി.
പാർപ്പിടം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വ പരിപാലനം, സാമൂഹ്യനീതി, ദാരിദ്ര്യലഘൂകരണം, എസ്.സി.-എസ്.ടി. വികസനം, കലാ-കായിക പ്രവർത്തനങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം, ദുരന്തനിവാരണം എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാനും വേണ്ട നടപടികളാണ് സേവന മേഖലയിൽ നിർദേശിച്ചിട്ടുള്ളത്.
ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ വിദ്യാലയങ്ങളിലും സോളാർ വൈദ്യുതി യൂനിറ്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം ഇക്കൊല്ലം പൂർത്തിയാക്കാൻ സാധിക്കണമെന്നും നിർദേശമുണ്ട്. ജില്ലാപഞ്ചായത്തിന്റെ വിദ്യാലയങ്ങളിലെ കമ്പ്യൂട്ടർ ലാബുകളിലെ കമ്പ്യൂട്ടറുകളുടെ എണ്ണത്തിലെ കുറവ് അടുത്ത സാമ്പത്തികവർഷം തന്നെ പരിഹരിക്കണം. ആരോഗ്യമേഖലയിൽ പകർച്ചവ്യാധി മരണവും വ്യാപനവും വലിയ ഉത്തരവാദിത്തമായി കണ്ട് തടയുന്നതിന് സ്ഥാപനങ്ങളെ സജ്ജമാക്കണം. പശ്ചാത്തല മേഖലയിൽ ജില്ലാ പഞ്ചായത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുവാൻ നടപടി വേണമെന്നും നിർദേശമുണ്ട്.
2024-25 വർഷം 643 പ്രൊജക്ടുകൾ
2024-25 നടപ്പ് വാർഷിക പദ്ധതിയിൽ സ്പിൽ ഓവർ, ബഹുവർഷ പദ്ധതികളടക്കം 643 പ്രൊജക്ടുകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവയിൽ 98 എണ്ണം ഉല്പാദനമേഖലയിലും (15.24%) 415 എണ്ണം സേവനമേഖലയിലും (64.54%) 130 പശ്ചാത്തലമേഖലയിലും (20.21%) ആയിരുന്നു. രണ്ട് റിവിഷനുകളിലായി പ്രൊജക്ടുകൾ 638 ആയി. ഇതിൽ 621 എണ്ണത്തിന്റെയും പ്രവർത്തനം ജനുവരി 31നകം ആരംഭിച്ചിരുന്നു. ഇതുവരെ ആരംഭിക്കാൻ കഴിയാത്തത് 17 എണ്ണം.
പദ്ധതി അടങ്കൽ തുകയായ 100.23 കോടി രൂപയിൽ ഇതിനകം ചെലവഴിച്ചത് 59.72 കോടി (59.58%) രൂപയാണ്. വികസന ഫണ്ടുകളുടെ രണ്ട് ഗഡുക്കളും മെയിൻറനൻസ് വിഭാഗം ഫണ്ടുകളുടെ മൂന്ന് ഗഡുക്കളുമാണ് തനതുവർഷം ലഭിച്ചുകഴിഞ്ഞിട്ടുള്ളത്.
- Log in to post comments