ദേശീയ യൂനാനി ദിനാചരണം; മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദേശീയ യുനാനി ദിനാചാരണത്തിന്റെ ഭാഗമായി കേരള ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദേശീയ യുനാനി ദിനാചരണം നടത്തി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ. അനിന എസ് ത്യാഗരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനി കെ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. മേരി സെബാസ്റ്റ്യന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യദുനന്ദന്‍. കെ .പി, മെഡിക്കല്‍ ഓഫിസര്‍ ഡോ. നിസാമുദ്ധീന്‍ നീരാട് എന്നിവര്‍ സംസാരിച്ചു.
ആരോഗ്യ സംരക്ഷണം യുനാനിയിലൂടെ എന്ന വിഷയത്തില്‍ ഡോ. അലി ഹസ്സന്‍ ശദ്ദാദ് ബോധവല്‍ക്കരണ ക്ലാസും ക്വിസ്സ് മത്സരവും നടത്തി. ക്വിസ്സ് മത്സര വിജയികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമ്മാനവിതരണം നിര്‍വഹിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യുനാനി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജലീല.കെ.ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സൗജന്യ യുനാനി മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ക്യാമ്പില്‍ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും അടക്കം 86 പേര്‍ പങ്കെടുത്തു.
- Log in to post comments