എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്
വികസന സെമിനാർ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പദ്ധതികളുമായി എറണാകുളം ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശനി ഹാളിൽ നടന്ന പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
എല്ലാവരെയും ഉൾക്കൊള്ളുമ്പോഴാണ് വികസനം അതിന്റെ പൂർണതയിൽ എത്തുകയുള്ളൂ എന്ന് ഉദ്ഘാടന ചടങ്ങിൽ എം.പി പറഞ്ഞു. സിന്തറ്റിക് ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതായും അതിനെ ചെറുക്കാൻ കഴിയുന്ന പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഭൗതിക സാഹചര്യങ്ങളുടെ വളർച്ചയ്ക്കൊപ്പം ദുർബല വിഭാഗങ്ങൾ, വനിതകൾ, കുട്ടികൾ, ഭിന്നലിംഗക്കാർ, ഭിന്നശേഷിക്കാർ വയോജനങ്ങൾ എന്നിവരുടെ ക്ഷേമപുറപ്പാക്കുന്ന പദ്ധതികൾക്കും ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ തുല്യ പ്രാധാന്യം ഉണ്ടാകും.
സാമ്പത്തിക മാന്ദ്യത്തിൽ നിന്നും സാമൂഹ്യ പിന്നോക്കാവസ്ഥയിൽ നിന്നും ജനങ്ങളെ കൈപിടിച്ചുയർത്തുന്ന പദ്ധതികളും ഈ സമ്പത്തിക വർഷം നടപ്പിലാക്കും. ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, ആശുപത്രികളുടെ വികസനം, കാർഷിക- ക്ഷീര - മത്സ്യബന്ധന മേഖലകളുടെ സമഗ്ര വികസനം, റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കൽ, മാലിന്യ സംസ്കരണം തുടങ്ങിയ കാര്യങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ 27 ഡിവിഷനുകളിലും വയോജനപാർക്കുകൾ ഒരുക്കും, 27 ഇടങ്ങളിൽ വനിത ഫിറ്റ്നസ് സെന്ററുകളും ക്രമീകരിക്കും. ആലുവയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ആറേക്കർ സ്ഥലത്ത് വിപുലമായ രീതിയിൽ എ.ബി.സി സെന്റർ സജ്ജീകരിക്കാനുള്ള പദ്ധതിയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, സ്ഥിരം സമിതി അധ്യക്ഷരായ സനിത റഹീം, എം,ജെ ജോമി, കെ.ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, ഷൈനി ജോർജ്, എ.എസ് അനിൽകുമാർ, കെ.വി രവീന്ദ്രൻ, ലിസി അലക്സ്, ഷൈമി വർഗീസ്, അനിമോൾ ബേബി, കെ.കെ ദാനി, ദീപു കുഞ്ഞുകുട്ടി, ഷാരോൺ പനക്കൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ അബ്ദുൽ റഷീദ്, അസൂത്രണ സമിതി അംഗം കബീർ.ബി.ഹാറൂൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ്, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഷെർലി സക്കറിയാസ്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments