Skip to main content

വയലാർ നിവാസികളുടെ കാത്തിരിപ്പിന് വിരാമം; ചേർത്തല, തോപ്പുംപടി എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു

 

-സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി പ്രസാദ് നിർവഹിച്ചു

വയലാർ ഗ്രാമപഞ്ചായത്ത് നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് വയലാർവഴി ആലപ്പുഴയിലേക്കും കളവംകോടംവഴി തോപ്പുംപടിയിലേക്കുമുള്ള രണ്ട് കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. സർവീസുകളുടെ ഫ്ലാഗ് ഓഫ് ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.

ചേർത്തലയിൽ നിന്ന് രാവിലെ 8.10 ന് പുറപ്പെട്ട് വയലാർ എട്ടുപുരക്കലിൽ എത്തി തിരിച്ച് 8.40 ന് ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡ് വഴി ആലപ്പുഴയ്ക്ക് പോകുന്നതാണ് ഒരു സർവീസ്. ചേർത്തലയിൽ നിന്നും രാവിലെ 6.20 ന് പുറപ്പെട്ട് കളവംകോടം - വളമംഗലം വഴി തോപ്പുംപടിക്ക് എത്തിച്ചേരുന്നതാണ് മറ്റൊരു സർവീസ്. വയലാറിൽ നിന്ന് കെഎസ്ആർടിസി സ്റ്റാൻഡിലേക്കെത്തുവാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ വലയുകയായിരുന്ന വയലാർ നിവാസികൾക്കും ജോലി ആവശ്യങ്ങൾക്കും മറ്റുമായി തോപ്പുംപടിയിൽ പോകേണ്ട യാത്രക്കാർക്കും സർവീസുകൾ പുനരാരംഭിച്ചതോടെ പ്രയോജനം ലഭിക്കും. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ്, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓമന ബാനർജി, ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, വയലാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ജി നായർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ യു ജി ഉണ്ണി, പഞ്ചായത്തംഗം ദീപക് ബി ദാസ് തുടങ്ങിയവർ പങ്കെടുത്തു.

​(പിആർ/എഎൽപി/490)

date