Skip to main content

നിർഭയ മാധ്യമപ്രവർത്തനം അന്യമാകുന്നു: അനിത പ്രതാപ്

സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനം ഇന്ന് അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത മാധ്യമപ്രവർത്തക അനിത പ്രതാപ്. ലോകമെമ്പാടും കാണുന്ന ഒരു പ്രതിഭാസമായി ആ അവസ്ഥ മാറിയിരിക്കുന്നുവെന്നും അവർ പറഞ്ഞു.

കോർപ്പറേറ്റുവൽക്കരണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിന് അതിജീവിക്കാനാവില്ല. അധികാരവും  സമ്പത്തും ഒന്നിക്കുമ്പോൾ നിർഭയ  മാധ്യമപ്രവർത്തനം സാധ്യമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിൽ നടന്ന ചാറ്റ് സെഷനിൽ  സംസാരിക്കുകയായിരുന്നു അവർ.

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം 1983 ലാണ് ആരംഭിക്കുന്നത്. എന്നാൽ താൻ അതിൽ ഗവേഷണം തുടങ്ങിയത് 1980ൽ ആണ്. 1981 ൽ ലങ്കൻ പോലീസ് ജാഫ്ന പബ്ലിക് ലൈബ്രറി കത്തിക്കുമ്പോൾ ലങ്ക ഭാവിയിൽ നേരിടാൻ പോകുന്ന വിപത്തിനെ അവിടെ അടയാളപ്പെടുത്തുകയായിരുന്നു. ചരിത്രമാണ് ഭാവിയെ നിർണ്ണയിക്കുന്നത്. ചരിത്രത്തെ അറിയാൻ ഗവേഷണത്തെ കൂട്ടുപിടിക്കാനും പുതുതലമുറ പത്രപ്രവർത്തകരോട് അവർ നിർദേശിച്ചു.

ലങ്കയിലെ ഒരു ഗ്രാമീണ സ്ത്രീയെ പോലെ വേഷം ധരിച്ചാണ് മറ്റുള്ളവർക്ക് എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ തനിക്ക് പ്രവേശനം സാധ്യമായത്. അവസരങ്ങളെ ഉപയോഗിക്കാൻ പഠിക്കാൻ അറിയുന്നതുപോലെ സ്വയം പരിരക്ഷിക്കാൻ മുൻകരുതലുകൾ എടുക്കാനും വനിതാ മാധ്യമപ്രവർത്തകർ അറിഞ്ഞിരിക്കണം. ദയയും സഹാനുഭൂതിയും ഉണ്ടാകണം. സാഹചര്യങ്ങൾ എന്തായാലും പ്രശ്നങ്ങളിൽ മാധ്യമപ്രവർത്തകർ ഒളിച്ചോടരുത്. സ്ത്രീ എന്നത് ബാധ്യതയല്ല, അവസരമാണെന്നും അനിത പ്രതാപ് അഭിപ്രായപ്പെട്ടു.

പി.എൻ.എക്സ് 09/NWJC

date