ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് സമാപനം
മാധ്യമ ലോകത്തെ വനിതാ സംബന്ധിയായ കാലിക പ്രസക്തിയുള്ള ചർച്ചകൾക്കും പ്രായോഗിക നിർദേശങ്ങൾക്കും വേദിയൊരുക്കി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവ് സമാപിച്ചു. രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ ഫെബ്രുവരി 18,19 തീയതികളിലായി സംഘടിപ്പിച്ച ദ്വിദിന പരിപാടിയിലെ നിർദേശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കും.
മാസ്‌കറ്റ് ഹോട്ടലിലെ ഉദ്ഘാടനത്തിനു ശേഷം ടാഗോർ തിയേറ്ററിൽ നടന്ന സെഷനുകളിൽ ദേശീയ തലത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരായ റാണ അയൂബ്, ലീന രഘുനാഥ്, മായ ശർമ, മീന കന്ദസ്വാമി, അനിത പ്രതാപ് ഉൾപ്പെടെയുള്ളവരും കേരളത്തിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകരും പാനൽ ചർച്ചകൾക്കും ചാറ്റ് സെഷനുകൾക്കും നേതൃത്വം നൽകി. വാർത്തകളിലെ സ്ത്രീ, മാധ്യമങ്ങളിലെ ലിംഗസമത്വം,സാമൂഹ്യ മാധ്യമങ്ങളിലെ സ്ത്രീ എന്നീ വിഷയങ്ങളിലാണ് പാനൽ ചർച്ചകൾ നടന്നത്. റാണാ അയൂബും അനിത പ്രതാപും രണ്ട് ചാറ്റ് സെഷനുകളിൽ അതിഥികളായി. ആദ്യ ദിനത്തിൽ വൈകുന്നേരം കലാസന്ധ്യയും ഒരുക്കിയിരുന്നു.
കോൺക്ലേവിനോട് അനുബന്ധിച്ച് നടന്ന ഫോട്ടോ പ്രദർശനവും ശ്രദ്ധനേടി. വനിതാ മാധ്യമ പ്രവർത്തകരും ഫോട്ടോഗ്രാഫർമാരും എടുത്ത എൺപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും വിവിധ കോളേജുകളിലെ ജേണലിസം വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുന്നൂറോളം പ്രതിനിധികൾ ക്ലോൺക്ലേവിന്റെ ഭാഗമായി.
പി.എൻ.എക്സ് 11/NWJC
- Log in to post comments