വനിതാ മാധ്യമപ്രവർത്തകർക്ക് ഒത്തുചേരാൻ പൊതുഇടം വേണം
മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവർത്തകർക്ക് ഒത്തുചേരാൻ ഒരു പൊതുഇടം വേണമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ കോൺക്ലേവ് ഓപ്പൺ ഡിസ്‌കഷൻ അഭിപ്രായപ്പെട്ടു. പലവിധ സമ്മർദ്ദങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് അവരുടെ കുഞ്ഞുങ്ങളെ വിശ്വസിച്ചു ഏൽപ്പിക്കാൻ ക്രഷ് പോലെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യമുയർന്നു.
കുടുംബവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയാതെ നിരവധി വനിതാ മാധ്യമപ്രവർത്തകർ ജോലി ഉപേക്ഷിച്ചുപോയിട്ടുണ്ടെന്ന് മാതു സജി സൂചിപ്പിച്ചു. പുതിയ കാലത്ത് സമാന്തര മാധ്യമങ്ങളുടെ പ്രസക്തി വലുതാണെന്ന് സരിത എസ് ബാലൻ അഭിപ്രായപ്പെട്ടു. മുഖ്യധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സമാന്തര മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നതായും അവർ പറഞ്ഞു.
സ്ത്രീകൾ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണെന്നും അവരുടെ ആരോഗ്യം സംബന്ധിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്നും മാധ്യമപ്രവർത്തക വിനീത വേണാട് ചർച്ചയിൽ ശ്രദ്ധയിൽപ്പെടുത്തി.
ന്യൂസ്‌റൂമുകളിലെ സ്ത്രീ സാന്നിധ്യം കഴിഞ്ഞ 15 വർഷത്തിനിടയിൽ വർധിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവർത്തക ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. ന്യൂസ് റൂം അന്തരീക്ഷത്തിൽ സ്ത്രീകൾ ഒറ്റക്കല്ല കൂട്ടമായാണ് ഇന്ന് നിൽക്കുന്നത്. പ്രസ് അക്കാദമിക്ക് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഓഫ് ക്യാമ്പസുകൾ ഒരുക്കണം. ലിംഗബോധവൽക്കരണവും സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച നിയമങ്ങളും സ്‌കൂൾ തലം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു.
വെല്ലുവിളി നിറഞ്ഞ പ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകളെ അയക്കുന്നില്ലെന്ന് സോഫിയ ബിന്ദ് പറഞ്ഞു. പ്രധാനപ്പെട്ട നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന വനിതകളോട് കാര്യങ്ങൾ അന്വേഷിക്കാനും ചോദിക്കാനും പുരുഷന്മാർ മടിക്കുന്ന അവസ്ഥയുണ്ടെന്ന് കെ.യു.ഡബ്ലൂ.ജെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി. നായർ പറഞ്ഞു. പ്രസ് ക്ലബുകളിലെ സ്ത്രീസാന്നിധ്യം വർധിക്കണം. സ്ത്രീകൾ എല്ലാക്കാര്യങ്ങളിലും മുന്നോട്ട് വന്നാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളുവെന്നും അവർ പറഞ്ഞു. സരസ്വതി നാഗരാജൻ മോഡറേറ്റർ ആയിരുന്നു.
പി.എൻ.എക്സ് 10/NWJC
- Log in to post comments