നക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് ഇന്ന്(ഫെബ്രുവരി 21)
നാഷണൽ ജിയോ സ്‌പേഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവെ ഓഫ് അർബൻ ഹാബിറ്റേഷൻ (നക്ഷ) പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭകളിൽ ആരംഭിക്കുന്ന സർവെയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 21ന്) ഹരിപ്പാട് നഗരസഭ കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് രമേശ് ചെന്നിത്തല എം.എൽ.എ. നിർവഹിക്കും.
ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡണൈസേഷൻ പരിപാടി വഴി നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവെ നടത്തുന്നതിന്റെ ഭാഗമായാണ് നക്ഷ പദ്ധതി നടപ്പാക്കുന്നത്.
സ്വകാര്യ ഭൂമികൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, പൊതു സ്വത്തുക്കൾ, റെയിൽവേ വകുപ്പിന്റെ ഭൂമി, നഗരസഭയുടെ ഭൂമി, ക്ഷേത്രം, ബസ് സ്റ്റാന്റ് റോഡ്, ഇടവഴികൾ, തോടുകൾ, ശ്മശാനം, പൈപ്പ് ലൈൻ, വൈദ്യുതി ലൈൻ, യു. ജി.ഡി. ലൈൻ, ടെലഫോൺ ലൈൻ തുടങ്ങി സർക്കാർ വകുപ്പുകളുടെ വസ്തുക്കൾ ഉൾപ്പടെയുള്ളവ സർവെ വകുപ്പിന്റേയും റവന്യൂ വകുപ്പിന്റേയും നഗരസഭയുടേയും സംയുക്ത സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തിയാണ് ലാൻഡ് രേഖകൾ തയ്യാറാക്കുന്നത്.
ചടങ്ങിൽ ഹരിപ്പാട് നഗരസഭാധ്യക്ഷൻ കെ കെ രാമകൃഷ്ണൻ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, സർവ്വേ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ സോമനാഥൻ, ചെങ്ങന്നൂർ റീസർവെ അസിസ്റ്റന്റ് ഡയറക്ടർ എസ് അൻസാദ്, നഗരസഭാംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പി.ആർ. / എ.എൽ.പി 537
- Log in to post comments