Skip to main content

റവന്യൂ ബഹുമതി തിളക്കത്തിൽ എറണാകുളം ജില്ല....

അർഹതയ്ക്കുള്ള അംഗീകാരത്തെ ഉറപ്പിക്കുന്നതാണ് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിനു മികച്ച കളക്ടർക്കുള്ള പുരസ്കാരം. 

 

കേരളം സാക്ഷ്യം വഹിച്ച വ്യത്യസ്തമായ ഒരു ദുരന്തം കൈകാര്യം ചെയ്യുക എന്ന ദൗത്യവുമായാണ് അദ്ദേഹം ജില്ലാ കളക്ടറുടെ ചുമതലയേറ്റെടുക്കുന്നത്. കൊച്ചിയെ ശ്വാസം മുട്ടിച്ച് ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിനുണ്ടായ തീപിടുത്തം നേരിട്ടതിൽ അദ്ദേഹത്തിന്റെ നേതൃപാടവവും ഏകോപനശേഷിയും നിർണായകമായിരുന്നു. ഇതു കൂടാതെ കളമശ്ശേരി ബോംബ് സ്ഫോടന വിഷയവും കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളും പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതും റീ സർവെയും ലോക്സഭ തെരഞ്ഞെടുപ്പും കൊച്ചിയിലെ കനാൽ നവീകരണവുമെല്ലാം അദ്ദേഹത്തിന്റെ കർമശേഷിയെ ഊട്ടിയുറപ്പിച്ചു. 

 

 വെല്ലുവിളികൾ നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നു ജില്ലയെ സുരക്ഷിതമാക്കാൻ വഹിച്ച നിസ്വാർത്ഥമായ സേവനമാണ് 2025ലെ മികച്ച ജില്ലാ കളക്ടർ എന്ന ബഹുമതിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 

 

മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരത്തിനൊപ്പം സബ് കളക്ടർക്കുള്ള പുരസ്കാരവും എറണാകുളം ജില്ല സ്വന്തമാക്കി. മികച്ച സബ് കളക്ടറായി ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയെയാണ് തിരഞ്ഞെടുത്തത്. ഒപ്പം ഡിജിറ്റൽ സർവെയുടെ ബെസ്റ്റ് പെർഫോമർ നേട്ടത്തിനും കെ മീര അർഹയായി.  

 

സംസ്ഥാനത്തെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർക്കുള്ള പുരസ്കാരത്തിന് വി ഇ അബ്ബാസും അർഹനായി. കൊച്ചി തഹസിൽദാർ എസ് ശ്രീജിക്ക് മികച്ച തഹസിൽദാറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തഹസിൽദാർ ആയി തിരഞ്ഞെടുക്കപ്പെട്ട സുനിത ജേക്കബ് നിലവിൽ കൊച്ചിയുടെ തഹസിൽദാർ ആണ്. 2024 ൽ തൃശൂർ തഹസിൽദാർ ആയിരുന്നപ്പോൾ ഉള്ള സേവനത്തിനാണ് അവാർഡ് . മികച്ച തഹസിൽദാർ ആയി തിരഞ്ഞെടുക്കപ്പെട്ട കെ എം നാസറും എറണാകുളം ജില്ലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചേർത്തല തഹസിൽദാർ ആയിരുന്നപ്പോൾ നൽകിയ സേവനങ്ങൾക്കാണ് ബഹുമതി.  

 

സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണൽ ഓഫീസായി ഫോർട്ടുകൊച്ചിയെ തിരഞ്ഞെടുത്തപ്പോൾ വാളകം മികച്ച വില്ലേജ് ഓഫീസിനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച പ്രവർത്തനം കാഴ്ചവച്ച ഓഫീസുകൾക്കുള്ള അംഗീകാരത്തിന് തൃക്കാക്കര അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസും അർഹത നേടി. 

 

മാറാടി വില്ലേജ് ഓഫീസർ സൈജു ജോർജ്, വേലൂർകുന്നം വില്ലേജ് ഓഫീസർ പി എ ഹംസ, കോതമംഗലം വില്ലേജ് ഓഫീസർ എം എസ് ഫൗഷി എന്നിവർ മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്കാരവും നേടി. 

 

മികച്ച കളക്ടറേറ്റ്, ജില്ലാ കളക്ടർ തുടങ്ങി വില്ലേജ് ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫീസുകൾക്കും സർവെ ഭൂരേഖ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർക്കുമാണ് റവന്യൂ അവാർഡുകൾ വിതരണം ചെയ്യുന്നത്. ഫെബ്രുവരി 24 റവന്യൂ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബഹുമതികൾ സമ്മാനിക്കും.

date