ഉല്ലാസ് - ന്യൂ ഇന്ത്യ സാക്ഷരത പരിപാടി സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ഉല്ലാസ് -ന്യൂ ഇന്ത്യ സാക്ഷരത പരിപാടി മൂന്നാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി.
പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
സാക്ഷരത കൈവരിക്കാത്ത എല്ലാവരിലേക്കും സമ്പൂർണ്ണ സാക്ഷരത എത്തിക്കണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. സോഷ്യൽ മീഡിയയുടെ സ്വാധീനം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത കൂടി പൂർത്തീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ സാക്ഷരത കൂടി കൈവരിക്കാവുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
96.6 ശതമാനമാണ് ജില്ലയുടെ സാക്ഷരതാ നിരക്ക്. അവശേഷിക്കുന്ന നിരക്ഷരരെ പ്രത്യേകിച്ച് തീരദേശ, പട്ടികജാതി, പട്ടികവർഗ്ഗ മേഖല ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സാക്ഷരതാ തുടർ വിദ്യാഭ്യാസ പ്രവർത്തനം ശക്തിപ്പെടുത്തണം.
ജില്ലയിൽ നടക്കുന്ന സാക്ഷരത- തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പൂർണ്ണ പിന്തുണയാണ് നൽകി വരുന്നത്. അതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പ്രേരകിന് അവാർഡ് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലയിലെ മന്ത്രിമാർ, മേയർ, എംപിമാർ, എംഎൽഎമാർ, യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ എന്നിവരാണ് ജില്ലാതല സംഘാടകസമിതിയുടെ രക്ഷാധികാരികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാതല സംഘാടക സമിതി ചെയർമാൻ. ജില്ലാ കളക്ടർ ചീഫ് കോ ഓർഡിനേറ്ററും, വൈസ് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ വൈസ് ചെയർമാൻമാരും ആയിരിക്കും.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഫിനാൻസ് ആന്റ് അഡ്മിനിസ്ട്രേഷൻ കോ ഓർഡിനേറ്ററും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ജനറൽ കൺവീനറും ആയിരിക്കും. ജനപ്രതിനിധികൾ, സംസ്ഥാന സാക്ഷരതാ മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് , പഞ്ചായത്ത്, നഗരസഭ പ്രസിഡന്റുമാർ വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുകളെ അംഗങ്ങളാക്കിയാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീക്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എൽദോ ടോം പോൾ, കെ വി അനിത, പദ്ധതി കോ ഓഡിനേറ്റർ നിർമ്മല റേച്ചൽ ജോയ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് എം പി ഗോപി , ജില്ലാ സാക്ഷരത സമിതി കോ ഓഡിനേറ്റർ വി വി ശ്യാംലാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ , പ്രേരക് മാർ, സാക്ഷരതാ സമിതി അംഗങ്ങൾ, തുല്യതാ പഠിതാക്കൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments