വിദ്യാർത്ഥികളെ ഉപഭോക്തൃ അവകാശങ്ങളുടെ പ്രചാരകരാക്കണം : മന്ത്രി അഡ്വ. ജി. ആർ. അനിൽ
കൺസ്യൂമർ ക്ലബ് ഉദ്ഘാടനവും ഹരിത കലാലയ സർട്ടിഫിക്കറ്റ് വിതരണവും നടത്തി
വിദ്യാർത്ഥികളെ ഉപഭോക്തൃ അവകാശങ്ങളുടെ പ്രചാരകരാക്കി അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കണമെന്ന് ഉപഭോക്തൃകാര്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ പറഞ്ഞു. തേവര സെക്രഡ്ഹാർട്ട് കോളേജിൽ കൺസ്യൂമർ ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം കോളേജിന് ഹരിത കലാലയ സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.
ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നതിനും കമ്പളിപ്പിക്കപ്പെടുന്നതിനും പ്രധാനകാരണം ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്. അവകാശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പക്ഷം നിയമവഴിയിലൂടെ അവ സാധ്യമാക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി നിരവധി പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.
സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്ന് തുടങ്ങുന്ന ബോധവൽക്കരണം, സൗജന്യ നിയമസഹായം, വേഗത്തിലുള്ള തർക്കപരിഹാരം , ന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പരിഷ്കാരങ്ങൾ എന്നിങ്ങനെ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.
നമ്മൾ ബന്ധപ്പെടുന്ന വിവിധ മേഖലകളിൽ പലവിധ ചതിക്കുഴികളും ഉണ്ട്. ഇത്തരം ചതിക്കുഴികളിൽ എങ്ങനെ പരിഹാരം കണ്ടെത്താം എന്ന അറിവും ധാരണയും ഇല്ലാത്തതിനാൽ പലരും അതിലേക്ക് വേണ്ടത്ര താൽപര്യം കാണിക്കാറില്ല. എന്നാൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഉള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നടത്തിയ ഫലപ്രദമായി ഇടപെടലിലൂടെയാണ് ഇത്തരം പരാതികളുമായി ബന്ധപ്പെട്ട് ആളുകൾ മുന്നോട്ട് വരാൻ ഇടയായ സാഹചര്യമുണ്ടായത്.
ഇത്തരം പ്രവർത്തനങ്ങൾ കുറച്ചുകൂടി വിപുലമാവണമെങ്കിൽ അവകാശങ്ങൾ സംബന്ധിച്ച് സമൂഹത്തിന് നല്ല അറിവുപകരണം. ഇതിന് നമ്മുടെ പരിമിതമായ സംവിധാനങ്ങൾ മതിയാവില്ല. വിദ്യാലയങ്ങളിലും കോളേജുകളിലും കൺസ്യൂമർ ക്ലബ്ബുകൾ രൂപപ്പെടുത്തണം. വിദ്യാർത്ഥികളിലൂടെ ഇത്തരം അറിവുകൾ വിതരണത്തിലേക്ക് എത്തിക്കണം. വിദ്യാർത്ഥികൾ ഇതിൻറെ പ്രചാരകരായി മാറിയാൽ ഏത് നിയമത്തെയും അവകാശത്തെയും സംബന്ധിച്ച് ആളുകളെ ബോധവാന്മാരാകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഗ്രീൻ പ്രോട്ടോകോൾ പൂർണമായും നടപ്പിലാക്കുന്നതിലൂടെ അടുത്ത വർഷത്തോടെ കേരളം സമ്പൂർണ്ണമായി ഹരിത സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സിനിമാതാരം ഹരിശ്രീ അശോകൻ ഉപഭോക്തൃസന്ദേശം നൽകി.
മണി ചെയിൻ ഉൾപ്പെടെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന അധാർമികമായ കച്ചവട രീതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പര്യാപ്തമാണ് നമ്മുടെ നിയമങ്ങളെന്ന് മുഖ്യ പ്രഭാഷണം നടത്തി ഉപഭോക്തൃ കോടതി പ്രസിഡൻ്റ് അഡ്വ. ഡി.ബി ബിനു പറഞ്ഞു.
ഡോ. പി എസ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ എ മുഖ്യാതിഥിയായി.
കൊച്ചി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എ ഷക്കീർ, നഗരസഭ കൗൺസിലർമാരായ പി ആർ റെനീഷ്, ബെൻസി ബെന്നി, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ലിജുമോൻ , പരിവർത്തൻ സ്റ്റേറ്റ് കോഡിനേറ്റർ ഐപ്പ് ജോസഫ്, ഡോ. സനു വർഗീസ്, ഡോ. ടെസ്സ മേരി ജോസ്,ഡോ. ഏഞ്ചൽ ബ്ലോസം ഗോൺസാൽവസ്, എ.നിസാ എന്നിവർ സംസാരിച്ചു.
- Log in to post comments