ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്
സംയുക്ത സംരംഭവുമായി ആർട്സൺ ഗ്രൂപ്പും മലബാർ സിമന്റ്സും
കൊച്ചിയിൽ ബോട്ട് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും
കൊച്ചിയിൽ നിക്ഷേപം നടത്തി വ്യവസായ കുതിപ്പിന് ചുക്കാൻ പിടിക്കാൻ താത്പര്യം അറിയിച്ചിരിക്കുകയാണ്
ടാറ്റ ഗ്രൂപ്പിൻ്റെ അനുബന്ധ കമ്പനിയായ ആർട്സൺ ഗ്രൂപ്പ്. പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആർട്സൺ ഗ്രൂപ്പും മലബാർ സിമന്റ്സും സഹകരിച്ച് 300 കോടിയുടെ പദ്ധതിക്കാണ് ഗ്ലോബൽ സമ്മിറ്റിൽ താല്പര്യപത്രം ഒപ്പിട്ടത്. പദ്ധതിയുടെ ഭാഗമായി 100 ടണ്ണിൽ താഴെയുള്ള ബോട്ട് നിർമ്മാണ യൂണിറ്റാണ് ആരംഭിക്കുന്നത്. ആർട്സൺ ഗ്രൂപ്പ് സിഇഒ ശശാങ്ക് ഝാ, മലബാർ സിമൻ്റ് മാനേജിംഗ് ഡയറക്ടർ ചന്ദ്ര ബോസ് എന്നിവർ ചേർന്നാണ് സംയുക്ത പദ്ധതിയുടെ കാര്യം വ്യക്തമാക്കിയത്.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് ലീസിന് എടുത്തിരിക്കുന്ന ഏഴ് ഏക്കറിലാണ് ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമ്മാണ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സർക്കാർതലത്തിലുള്ള ചർച്ചകൾക്ക് ശേഷം ആയിരിക്കും പദ്ധതി ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ ബോട്ടുകൾ വാട്ടർ മെട്രോയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണനയിലുണ്ടെന്ന് സിഇഒയും മാനേജിങ് ഡയറക്ടറും വ്യക്തമാക്കി
- Log in to post comments