വനിതകള്‍ക്കായി ആട് വിതരണം നടത്തി കോട്ടായി ഗ്രാമപഞ്ചായത്ത്
വനിതകള്‍ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കുക എന്ന ലഷ്യത്തോടെ രണ്ടാം ഘട്ട ആട് വിതരണം നടത്തി കോട്ടായി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2024- 2025 സാമ്പത്തികവര്‍ഷത്തില്‍ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,60,000 രൂപ ചെലവിട്ടാണ് 56 പേര്‍ക്കായി ആട് വിതരണം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 12 വനിതകള്‍ക്കാണ് ആടുകളെ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 44 വനിതകള്‍ക്ക് അടുകളെ വിതരണം ചെയ്തിരുന്നു. വിതരണം ചെയ്ത ആടുകള്‍ക്ക് എന്ത് സംഭവിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. ഇന്‍ഷുറന്‍സ് തുകയായി 2000 രൂപയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 75 ശതമാനവും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനം സബ്സിഡിയും നല്‍കിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമസഭകള്‍ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
കോട്ടായി ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രിയില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. ആര്‍ അനിത അധ്യക്ഷയായി. പരിപാടിയില്‍ വിവിധ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഡോ. റഷീദ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments